ഡോക്ടർ ഇല്ലാത്തതിനാൽ അടച്ചുപൂട്ടിയ കാസർ​ഗോഡ് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം തുറന്നു

ഡോക്ടർ ഇല്ലാത്തതിനാൽ അടച്ചുപൂട്ടിയ കാസർ​ഗോഡ് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം തുറന്നു. ഡോക്ടർ അബിത കെ തോമസിന് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുമതല നൽകി. വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ നിന്നാണ് പാണത്തൂരിലേക്ക് ഇവരെ മാറ്റിയത്. രാവിലെ 9 മണി മുതൽ 2 മണി വരെ ഒപി പ്രവർത്തിക്കും. തിങ്കളാഴ്ച മുതൽ ഒരു ഡോക്ടറുടെ സേവനം ഉറപ്പു വരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം തുറക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ആശുപത്രി നോട്ടീസ് ബോർഡിലൂടെ അറിയിപ്പ് നൽകി അടച്ചിട്ട സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. രേഖയോട് കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം വരും ദിവസങ്ങളിലും സാധാരണ പോലെ തുറന്ന് പ്രവർത്തിക്കണമെന്ന നിർദേശമാണ് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നൽകിയത്. ഡോക്ടർമാരുടെ ക്ഷാമത്തെ തുടർന്ന് ഞായറാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടതിൽ സി പി ഐ എം ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയത് ആരോഗ്യ കേരളത്തിന് അപമാനകരവും അതീവ ഗുരുതരവുമായ സംഭവമാണെന്നും ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ പ്രതികരിച്ചിരുന്നു. ഡോക്റെ നിയമിച്ച് ആശുപത്രി തുറന്നില്ലെങ്കിൽ ജനപ്രതിനിധികൾ അനിശ്ചിത കാല സമരം നടത്തുമെന്ന് വ്യക്തമാക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാമും രംഗത്തെത്തിയിരുന്നു.

Related Articles

Back to top button