അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതികൾ ഇന്നും ഹാജരായില്ല

എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് കോടതി വീണ്ടും പരിഗണിക്കവെ പ്രതികൾ ഇന്നും ഹാജരായില്ല. 8 വർഷത്തിനിടെ ഒരു തവണ മാത്രമാണ് പ്രതികൾ കോടതിയിൽ വന്നതെന്ന് അഭിമന്യുവിന്റെ സഹോദരന്റെ അഭിഭാഷകൻ കോടതി അറിയിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും അഡ്വ. അരുൺ കുമാർ കോടതിയെ അറിയിച്ചു.എന്നാൽ കോടതിക്ക് പുറത്ത് മാധ്യമങ്ങൾ ഉള്ളതിനാൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നാണ് പ്രതിഭാഗം വക്കീൽ കോടതിയെ അറിയിച്ചത്. മാധ്യമ പ്രവർത്തകർ നിൽക്കുന്നതിൻ്റെ ചിത്രങ്ങളും ഇവർ കോടതിയെ കാണിക്കുകയുണ്ടായി. എന്നാൽ വിചാരണ സമയത്ത് എന്തു ചെയ്യുമെന്ന് ആയിരുന്നു കോടതിയുടെ മറുചോദ്യം.

മുഴുവൻ പ്രതികളും 13ന് ഹാജരാകണമെന്ന് വിചാരണക്കോടതി അറിയിച്ചു. കേസിലെ മുഴുവൻ പ്രതികളോടും ഇന്ന് നേരിട്ട് ഹാജരാകാനാണ് കോടതി കർശന നിർദേശം നൽകിയിരുന്നത്. 16 പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ഐ പി സി 323 വകുപ്പ് ചുമത്തണമെന്ന പോസിക്യൂഷൻ ആവശ്യം പരിഗണിച്ച് എറണാകുളം പ്രിൻസിപ്പൾ സെക്ഷൻസ് കോടതി നേരത്തെ ഇതിനായി അനുമതി നൽകിയിരുന്നു. അതേസമയം നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് ഹൈക്കോടതിയുടെ നിർദേശിച്ചിരിക്കുന്നത്. ഇനി സമയം നീട്ടിനൽകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button