അഞ്ചാം ദിവസവും ഫലമില്ല.. കാണാതായ മത്സ്യത്തൊഴിലാളിക്കായി കുടുംബത്തിന്റെ…

തിരുവനന്തപുരം: വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷിജിയെ കണ്ടെത്താൻ തിരച്ചിൽ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം പ്രതിഷേധത്തിൽ. ഷിജിയുടെ ഭാര്യയും കുഞ്ഞും ബന്ധുക്കളും കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം നടത്തുന്നത്. കനത്ത മഴ അവഗണിച്ചാണ് കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഷിജിയെ കണ്ടെത്താനുള്ള തിരച്ചിലിൽ ബന്ധപ്പെട്ട അധികൃതർ വീഴ്ച വരുത്തുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

ജൂലൈ 31-ന് രാത്രി മീൻപിടിത്തം കഴിഞ്ഞ് അഞ്ചുതെങ്ങ് പുത്തൻമണ്ണ് സ്വദേശി ജോസിന്റെ വള്ളത്തിൽ തീരത്തേക്ക് മടങ്ങുന്നതിനിടെയാണ് അഴിമുഖ മുനമ്പിന് സമീപം തിരയിൽപ്പെട്ട് വള്ളം മറിഞ്ഞത്. അപകടത്തിൽ ഷിജിയെ കാണാതാകുകയായിരുന്നു. മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് ദിവസമായി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും, പ്രതികൂല കാലാവസ്ഥ കാരണം പല ദിവസങ്ങളിലും പൂർണതോതിൽ തിരച്ചിൽ നടത്താനായില്ല. മത്സ്യത്തൊഴിലാളികളും സ്വന്തം നിലയിൽ തിരച്ചിൽ തുടരുകയാണ്. പുലിമുട്ടിലെ പാറകൾക്കിടയിൽ മൃതദേഹം കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ബന്ധുക്കൾ, അടിയന്തരമായി മുങ്ങൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്നും അഴിമുഖത്തിനപ്പുറത്തേക്കും വിശദമായ തിരച്ചിൽ വ്യാപിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാർ അനുമതി നൽകിയാൽ പരിചയസമ്പന്നരായ മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളികളും തിരച്ചിലിൽ പങ്കെടുക്കാൻ തയ്യാറാണെന്നും അവർ അറിയിച്ചു.

അതേസമയം, പൊഴിയൂർ മുതൽ മുതലപ്പൊഴി, വർക്കല, ഇടവ എന്നിവിടങ്ങൾ വരെ തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ സുരേഷ് കുറുപ്പിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ കുളച്ചൽ ഭാഗത്തുള്ള ആഴക്കടലിലും പരിശോധന നടക്കുന്നുണ്ട്. കോസ്റ്റ് ഗാർഡിന്റെ രണ്ട് ഡോണിയർ വിമാനങ്ങളും ഒരു ചേതക് ഹെലികോപ്റ്ററും ആകാശനിരീക്ഷണം നടത്തുന്നതായി അധികൃതർ അറിയിച്ചു.

Related Articles

Back to top button