അധ്യാപികമാരെ ലഹരി ഇടപാടിലേക്ക് എത്തിച്ചത്… നിർണായക വിവരങ്ങൾ പുറത്ത്

വടകര എംഡിഎംഎ കേസിൽ കസ്റ്റഡിയിൽ ലഭിച്ച അധ്യാപിക കീർത്തനയെ ചോദ്യംചെയ്യൽ തുടരുന്നതായി പൊലീസ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായാണ് അന്വേഷണ സംഘത്തിന്റെ സൂചന. സൈബർ സെല്ലിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്.

കേസിലെ മറ്റ് പ്രതികളായ അധ്യാപികമാർ ലഹരി ശൃംഖലയിലേക്ക് എത്തുന്നതിൽ കീർത്തനയ്ക്ക് പങ്കുണ്ടോയെന്നും, വിദ്യാർഥികളെ ലഹരി ഇടപാടിനായി ഉപയോഗിച്ചിട്ടുണ്ടോയെന്നുമുള്ള കാര്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി വരെയാണ് കോടതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിനെ മറ്റൊരു എംഡിഎംഎ കേസിലും റിമാൻഡ് ചെയ്തു. പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മേയ് മാസത്തിൽ 13.56 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുഹമ്മദ് ഇർഫാനെ ചോദ്യംചെയ്തപ്പോഴാണ് ജിജിലിന് പണം അയച്ചതായി കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

കോടതിയുടെ അനുമതിയോടെ ജിജിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ്. ജിജിലിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒരു വർഷത്തിനിടെ ഏകദേശം ഒരു കോടി രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വടകര കേസിലെ മറ്റ് പ്രതികളായ കീർത്തന, കാവ്യ, നിഷ്മ എന്നിവരുമായി ജിജിലിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ രജിസ്റ്റർ ചെയ്ത മറ്റ് എംഡിഎംഎ കേസുകളിലും തുടരന്വേഷണം നടത്തി ഈ കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button