യുപിഐ സൗജന്യം തുടരും… ഫീസ് ഈടാക്കുക……

യുപിഐ ഇടപാടുകളിൽ ഉപഭോക്താക്കൾക്കുള്ള സൗജന്യം തുടരുമെന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. ടാക്സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബില്ലിനെ തുടർന്ന് ഉയർന്ന ആശങ്കകൾക്കിടെയാണ് ധനമന്ത്രിയുടെ വിശദീകരണം. യുപിഐ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കില്ലെന്നും, ഫീസ് ബാധകമാകുന്നുവെങ്കിൽ അത് വ്യാപാരികളിൽ നിന്നുമാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
പുതിയ ഭേദഗതി പ്രകാരം വ്യാപാരികൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമാക്കാൻ നിയമപരമായ അനുമതി ലഭിക്കും. ഡിജിറ്റൽ പേയ്മെന്റുകൾ പ്രോസസ് ചെയ്യുന്നതിനായി ബാങ്കുകളും പേയ്മെന്റ് സേവനദാതാക്കളും വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന തുകയാണ് എംഡിആർ. എംഡിആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യുപിഐ സംവിധാനവും എൻപിസിഐയും കൈക്കൊള്ളും. ഈ തുക ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന്റെ നവീകരണത്തിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഫിൻടെക് സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. യുപിഐ ഇടപാടുകൾക്കുള്ള സൗജന്യം അവസാനിപ്പിക്കുമെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളി, ഉപഭോക്താക്കൾക്ക് യാതൊരു അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്ന് ധനമന്ത്രി വീണ്ടും ഉറപ്പുനൽകി. പാർലമെന്റിൽ ബിൽ പാസായ ശേഷം എംഡിആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങൾ എൻപിസിഐ പുറത്തിറക്കും.



