പഞ്ചായത്തിന്റെ എതിർപ്പ് അവഗണിച്ച് ക്വാറിക്ക് അനുമതി… ജില്ലാ കളക്ടർക്കെതിരെ

കൊച്ചി: സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്നതിനിടെ എറണാകുളം മണീട് പഞ്ചായത്തിൽ കരിങ്കൽ ക്വാറിക്ക് അനുമതി നൽകാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്തിന്റെ എതിർപ്പും പ്രദേശവാസികളുടെ പ്രതിഷേധവും അവഗണിച്ചാണ് ജില്ലാ ഭരണകൂടം നടപടികളുമായി മുന്നോട്ടുപോകുന്നതെന്നാണ് ആക്ഷേപം. മണീട് പഞ്ചായത്തിലെ 11-ാം വാർഡിലാണ് ക്വാറി പ്രവർത്തനത്തിന് വീണ്ടും അനുമതി നൽകാനുള്ള നീക്കം. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് 2010-ൽ പ്രവർത്തനം നിർത്തിവെച്ച ക്വാറിയാണിത്.

ക്വാറിക്ക് അനുമതി നൽകുന്നതിൽ ജില്ലാ ഭരണകൂടം അസാധാരണ ധൃതി കാണിച്ചുവെന്നാണ് മണീട് പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്. പഞ്ചായത്ത് ലൈസൻസ് നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ജില്ലാ കളക്ടർ അനുമതി നൽകിയതായി അറിയിച്ചുവെന്നും, ഇക്കാര്യം നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും നിലപാടിൽ മാറ്റമുണ്ടായില്ലെന്നും പ്രസിഡന്റ് പറഞ്ഞു. അനുമതി താനാണ് നൽകിയതെന്നും, തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ താൻ പരിഹരിക്കാമെന്നുമാണ് ജില്ലാ കളക്ടർ അറിയിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുക, സമീപത്തെ സ്കൂളും പള്ളിയും സംരക്ഷിക്കുക എന്നിവയാണ് പഞ്ചായത്തിന്റെ പ്രധാന ആവശ്യങ്ങൾ. ക്വാറി പ്രവർത്തനം പുനരാരംഭിച്ചാൽ സമീപ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ പ്രതികരണം തേടി പലതവണ ശ്രമിച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അതേസമയം, ക്വാറിക്ക് അനുമതി നൽകാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

Related Articles

Back to top button