കേന്ദ്രത്തിന് തിരിച്ചടി.. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനും ലക്ഷദ്വീപ് ഭരണകൂടത്തിനും കനത്ത തിരിച്ചടി. പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പണ്ടാരഭൂമിയുടെ സർവ്വേയും ഭൂമിയുടെ പുനർ വർഗ്ഗീകരണവും ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് തടഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നടപടി ചോദ്യം ചെയ്ത് ദ്വീപ് നിവാസികൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ടൂറിസം ആവശ്യങ്ങൾക്കും മറ്റ് നിർമ്മാണങ്ങൾക്കുമായി തദ്ദേശവാസികളുടെ കൈവശം ഉണ്ടായിരുന്ന ഭൂമി ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനാണ് തിരിച്ചടിയേറ്റത്.
ദ്വീപ് നിവാസികളുടെ അനുമതിയില്ലാതെ ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ഭൂമി സർവ്വേയും ടൂറിസം ആവശ്യങ്ങൾക്കായുള്ള ഭൂമിയുടെ പുനർ വർഗ്ഗീകരണവും നിയമ വിരുദ്ധമാണ് എന്നാണ് ഹർജിക്കാർ ഹൈക്കോടതിയിൽ ഉയർത്തിയ വാദം. പണ്ടാര ഭൂമി കൈവശം വെച്ചിരിക്കുന്ന ദ്വീപ് നിവാസികളെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കുന്നത് ഹൈക്കോടതി നേരത്തെ തന്നെ തടഞ്ഞിരുന്നു. പണ്ടാരഭൂമി ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് കഴിയില്ലെന്ന ഹൈക്കോടതിയുടെ വിധി ഭൂരിപക്ഷം ദ്വീപ് നിവാസികൾക്കും ആശ്വാസമാണ്.
ലക്ഷദ്വീപിലെ 70 ശതമാനം വരെ ഭൂമിയും പണ്ടാരഭൂമിയാണ്. പതിനാറാം നൂറ്റാണ്ടിൽ അറയ്ക്കൽ രാജവംശത്തിന്റെ കാലത്ത് ഉപയോഗ ശൂന്യമായി കിടന്ന ഭൂമിയെ ആണ് പണ്ടാരഭൂമി ആയി പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് ഭൂമി തദ്ദേശീയ വാസികൾക്ക് കൃഷിക്കായി ദീർഘകാല പാട്ടത്തിന് വിട്ടുനൽകി. തലമുറകളായി കൈവശം വയ്ക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ഭൂമിയിൽ പരമ്പരാഗത ഉടമസ്ഥാവകാശമുണ്ട് എന്ന ദ്വീപ് നിവാസികളുടെ വാദം ഹൈക്കോടതി ശരിവെച്ചു.
ബ്രിട്ടീഷ് കരാറുകളും ലക്ഷദ്വീപ് ലാൻഡ് റവന്യൂ നിയമവും സ്ഥിരമായ കൈവശാവകാശം ഉറപ്പുനൽകുന്നുണ്ടെന്ന ഹർജിക്കാരുടെ വാദവും ഹൈക്കോടതി അംഗീകരിച്ചു. പണ്ടാരഭൂമിയുടെ യഥാർത്ഥ ഉടമസ്ഥാവകാശം ഭരണകൂടത്തിനാണ് എന്നും തദ്ദേശവാസികൾ പാട്ടക്കാർ മാത്രമാണ് എന്ന ലക്ഷദ്വീപ് ഭരണകൂടം ഉയർത്തിയ വാദം സിംഗിൾ ബെഞ്ച് തള്ളി. ടൂറിസം വികസനത്തിനായി ഭൂമി തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയതാണ് ഹൈക്കോടതിയിലെ നിയമ തർക്കത്തിന് കാരണം.




