എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനോട് സമരം അവസാനിപ്പിക്കാൻ… രണ്ടുമാസം സാവകാശം തേടി…

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ രംഗത്ത്. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കത്ത് നൽകി, പരിഹാരനടപടികൾക്കായി രണ്ടുമാസത്തെ സാവകാശം അനുവദിക്കണമെന്ന് അഭ്യർഥിച്ചു.
എന്നാൽ, സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. രണ്ടുമാസത്തെ സാവകാശം അനുവദിക്കാനാകില്ലെന്നും വ്യക്തമായ ഉറപ്പുകൾ ലഭിക്കാതെ പ്രതിഷേധം പിൻവലിക്കില്ലെന്നും സംഘടന അറിയിച്ചു. ആറുതവണ വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചകളിലും ഇതേ ഉറപ്പുകളാണ് ലഭിച്ചതെന്നും, എന്നാൽ ഇതുവരെ യാതൊരു പ്രായോഗിക നടപടിയും ഉണ്ടായിട്ടില്ലെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു. വിദ്യാർത്ഥി-അധ്യാപക അനുപാതം പുനഃപരിശോധിക്കാൻ കമ്മീഷനെ നിയമിക്കണമെന്നും, 1:25 അനുപാതം നടപ്പാക്കിയാൽ കൂടുതൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കാനാകുമെന്നും അവർ ആവശ്യപ്പെട്ടു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചത്. സമരം ഒരു മാസം പിന്നിടുമ്പോഴും ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചിട്ടില്ലെന്നാണ് സംഘടനയുടെ ആരോപണം. അഞ്ച് ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥികൾക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. അതേസമയം, വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള കുറവാണ് പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിലെ പ്രധാന തടസമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.



