5 കെഎസ്ഇബി ഡാമുകളിൽ റെഡ് അലർട്ട്… പ്രളയഭീഷണി തുടരുന്നു…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ കെഎസ്ഇബിക്ക് കീഴിലുള്ള അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. ഇടുക്കിയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂരിലെ പെരിങ്ങൽക്കൂത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകളിലാണ് മുന്നറിയിപ്പ് നിലനിൽക്കുന്നത്. കല്ലാർകുട്ടി, ലോവർ പെരിയാർ, പെരിങ്ങൽക്കൂത്ത്, കുറ്റ്യാടി ഡാമുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇരട്ടയാർ ഡാമിന്റെ ഷട്ടറുകൾ ഇതുവരെ തുറന്നിട്ടില്ല. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ തുറന്ന പത്തനംതിട്ടയിലെ മൂഴിയാർ ഡാമിന്റെ ഷട്ടർ പിന്നീട് അടച്ചു.
അതേസമയം, പത്തനംതിട്ടയും കോട്ടയവും ഉൾപ്പെടെയുള്ള വെള്ളപ്പൊക്ക ബാധിത മേഖലകളിൽ ദുരിതം തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ 130 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,794 കുടുംബങ്ങളിലെ ആളുകൾ കഴിയുന്നു. ഇവരിൽ 925 കുട്ടികളും മൂന്ന് ഗർഭിണികളുമുണ്ട്. ആറന്മുള, റാന്നി, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് മേഖലകളിലാണ് സ്ഥിതി കൂടുതൽ ഗുരുതരമായിരിക്കുന്നത്. വെള്ളം പൂർണമായും ഇറങ്ങാത്തതിനാൽ പലർക്കും വീടുകളിലേക്ക് മടങ്ങാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. ആലപ്പുഴ–ചങ്ങനാശേരി എ.സി. റോഡിലും കോട്ടയം എം.സി. റോഡിലെ നാഗമ്പടം ഭാഗത്തും വെള്ളക്കെട്ട് തുടരുകയാണ്. ചെങ്ങന്നൂരിൽ മിത്രമഠം പാലത്തിന് സമീപം വെള്ളക്കെട്ടിൽ വീണ് ഒരു യുവാവ് മരിച്ചു. കോട്ടയം മണർകാട് ഒഴുക്കിൽപ്പെട്ട യുവാവിനായുള്ള തെരച്ചിലും തുടരുകയാണ്.



