തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി… കേരളത്തിൽ ഓഗസ്റ്റ് 7 വരെ…

തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഓഗസ്റ്റ് 3 മുതൽ 7 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന ഓഫ്ഷോർ ട്രഫ് (Off Shore Trough) ദുർബലമായെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിലെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഞ്ഞ (യെല്ലോ) അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഓഗസ്റ്റ് 3, 4 തീയതികളിൽ കേരളം–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും, തീരദേശ മേഖലയിലുള്ളവരും മത്സ്യത്തൊഴിലാളികളും കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.



