എസ്. ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റത്തിന് ഹൈക്കോടതിയുടെ…

കൊച്ചി: ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയ സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് എന്ത് തിടുക്കത്തിലാണ് സ്ഥാനക്കയറ്റം നൽകിയതെന്നും, ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ സർക്കാർ തിടുക്കത്തിൽ തീരുമാനമെടുത്തതെന്തിനാണെന്നും കോടതി ചോദിച്ചു.

എഡിജിപിയെ ഡിജിപിയായി നിയമിക്കുമ്പോൾ നിർബന്ധമായും വിജിലൻസ് ക്ലിയറൻസ് ലഭിക്കണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ഥാനക്കയറ്റ നടപടിയിൽ ചട്ടങ്ങൾ ലംഘിച്ചെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും, ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തുന്നതായും കോടതി വ്യക്തമാക്കി. എഡിജിപി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പ് എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. എഡിജിപി എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിലാണ് ശ്രീജിത്തിന് സ്ഥാനക്കയറ്റത്തിന് അവസരം ലഭിച്ചത്. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയുള്ള ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നത്. അതേസമയം, ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും എസ്. ശ്രീജിത്ത് നിലവിൽ ജയിൽമേധാവിയായിത്തന്നെ തുടരുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button