ടെറസുകൾ സുരക്ഷിതമെന്ന് കരുതരുത്, എത്രയും വേഗം ക്യാമ്പുകളിലേയ്ക്ക് മാറണം

കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണമെന്നും വീണ്ടും അഭ്യർത്ഥിച്ച് മന്ത്രി പി സി വിഷ്ണുനാഥ്. ആളുകൾ ടെറസുകൾ ഉണ്ടെന്ന് കരുതി വീട്ടിൽ തന്നെ കഴിയരുത്. ടെറസുകൾ സുരക്ഷിതമല്ല. എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം. അതീവ ജാഗ്രത വേണ്ട സമയമാണെന്നും മന്ത്രി പറഞ്ഞു. മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ ആളുകൾ എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറണമെന്ന് ഇന്നലെയും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ആളുകൾക്കുള്ള നിർദേശങ്ങളുമായി വാഹനങ്ങളിൽ മൈക്ക് വെച്ച് അനൗൺസ്മെന്റും നടത്തുന്നുണ്ട്. നിറപുത്തിരിക്ക് ആയി ശബരിമല നട തുറന്നിരിക്കുകയാണ്. ശബരിമലയിലേക്ക് തീർഥാടകരെ കയറ്റില്ല. പത്തനംതിട്ടയിൽ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. റാന്നിയും ആറൻമുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കും. കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു.
അപ്പർ കുട്ടനാട് വെള്ളത്തിൽ മുങ്ങി. കുറ്റൂർ, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.



