ആലപ്പുഴയിൽ… നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

തലവടി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ശക്തമാക്കി. ജനപ്രതിനിധികൾ, പൊലീസ്, അഗ്നിരക്ഷാസേന, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ നിരവധി പേരെയാണ് വെള്ളം കയറിയ വീടുകളിൽനിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിയത്.
കുതിരച്ചാൽ – കുന്നുമ്മാടി പ്രദേശത്ത് വെള്ളം കയറിയ വീടുകളിൽ ഒറ്റപ്പെട്ട ഓമന, ആർദ്ര, ആദിത്യൻ, സുലക്ഷണ, അനുമോൾ, സനൽ എന്നിവരെ അഗ്നിരക്ഷാസേനയുടെ ബോട്ടിൽ സുരക്ഷിതമായി ഒഴിപ്പിച്ച് നീരേറ്റുപുറത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾക്കിടെ നെഞ്ചുവേദനയെ തുടർന്ന് അവശനിലയിലായ ആളെ എടത്വ എസ്ഐ റിജോയുടെ നേതൃത്വത്തിൽ സാഹസികമായി രക്ഷപ്പെടുത്തി. വെള്ളത്തിലൂടെ ഗൂർഖ ജീപ്പിൽ ഇയാളെ നീരേറ്റുപുറത്ത് എത്തിച്ച ശേഷം ഗ്രാമപഞ്ചായത്തിന്റെ ആംബുലൻസിൽ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രക്ഷാപ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗോകുൽ ഗോപാലകൃഷ്ണൻ, അജിത് പിഷാരത്ത്, പഞ്ചായത്ത് ജീവനക്കാരായ റെജി കെ ആർ, ഹരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. പ്രദേശവാസികളുടെയും മറ്റ് സന്നദ്ധപ്രവർത്തകരുടെയും സജീവ സഹകരണവും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ കരുത്തേകി.



