ഡിഎംകെയുടെ തന്ത്രപരമായ നീക്കം.. ഇന്ത്യാ സഖ്യത്തോടൊപ്പം ഇറങ്ങിപ്പോകാതെ പാർലമെന്റിൽ വേറിട്ട വഴി സ്വീകരിച്ച് പാർട്ടി

തമിഴ്‌നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ച ഡിഎംകെ, പാർലമെന്റിൽ തികച്ചും വ്യത്യസ്തമായ തന്ത്രമാണ് പയറ്റുന്നത്. നടന്നുകൊണ്ടിരിക്കുന്ന വർഷകാല സമ്മേളനത്തിൽ കോൺഗ്രസ് നയിക്കുന്ന ‘ഇന്ത്യാ’ സഖ്യത്തിന്റെ വഴികളിൽ നിന്ന് മാറി ചിന്തിക്കുന്ന നിലപാടാണ് ഡിഎംകെ സ്വീകരിച്ചിരിക്കുന്നത്.

ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച ചർച്ചയ്ക്കിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചപ്പോൾ, ഡിഎംകെ അതിൽ പങ്കെടുക്കാതെ സ്വതന്ത്രമായ നിലപാട് സ്വീകരിച്ചു. പ്രധാനപ്പെട്ട നിയമനിർമ്മാണ ചർച്ചകളിൽ തനതായ രാഷ്ട്രീയ തന്ത്രങ്ങൾ പ്രയോഗിച്ച് തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഡിഎംകെയുടെ ഈ മാറ്റം ഭാവിയിൽ വരാനിരിക്കുന്ന നിർണ്ണായക ബില്ലുകളിൽ വലിയ സ്വാധീനം ചെലുത്തിയേക്കാം.

മറ്റ് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിച്ച ‘ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള ഭേദഗതി ബില്ലിന്മേലുള്ള’ ചർച്ചയിലും ലോക്‌സഭയിൽ ഡിഎംകെ അംഗങ്ങൾ പങ്കെടുത്തു. ചർച്ചകളിൽ പങ്കെടുത്തുവെങ്കിലും സർക്കാരിനെ ഡിഎംകെ പിന്തുണച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഡിഎംകെ എംപിമാരായ എ. രാജയും കനിമൊഴിയും ഈ ബില്ലിനെ ശക്തമായി എതിർക്കുകയും ഇത് ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് ആരോപിക്കുകയും ചെയ്തു.

അതേസമയം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ പ്രക്ഷോഭകർക്കെതിരായ പോലീസ് അതിക്രമത്തെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഒന്നടങ്കം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് വിമർശിച്ചപ്പോൾ വേറിട്ട സമീപനമായിരുന്നു ഡിഎംകെടേത്. ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച പാർട്ടി എംപി ദയാനിധി മാരൻ സർക്കാരിനെ വിമർശിച്ചുവെങ്കിലും അമിത് ഷായെ നേരിട്ട് ലക്ഷ്യം വയ്ക്കുന്നതിൽ നിന്ന് വിട്ടുനിന്നു.

മറ്റ് പ്രതിപക്ഷ പാർട്ടികളോടൊപ്പം ഡിഎംകെ ഇറങ്ങിപ്പോകാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പാർട്ടി ചില പ്രധാന ചോദ്യങ്ങൾ ഉന്നയിക്കുകയും അതിന് സർക്കാർ മറുപടി നൽകണമെന്ന് പ്രത്യാശിക്കുകയും ചെയ്തതായി ഡിഎംകെ എംപി തിരുച്ചി ശിവ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസുമായി അകലംപാലിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി അവർക്കൊപ്പമുള്ള ഇരിപ്പിടം മാറ്റാൻ ഡിഎംകെ കത്ത് നൽകിയിരുന്നു. ഇത് അനുവദിക്കുകയും ചെയ്തിരുന്നു.

വനിതാ സംവരണ, മണ്ഡല പുനഃക്രീമീകരണ ബില്ലുകൾ വീണ്ടും കൊണ്ടുവരാനുള്ള നീക്കത്തിനിടെ ഡിഎംകെയുടെ നിലപാട്മാറ്റത്തിൽ ബിജെപിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് പിളർന്ന സാഹചര്യത്തിൽ നിലവിൽ ഡിഎംകെ ലോക്‌സഭയിലെ ഏറ്റവും നാലാമത്തെ പാർട്ടിയായി ഉയർന്നിട്ടുണ്ട്. ലോക്‌സഭയിൽ 22 ഉം രാജ്യസഭയിൽ എട്ടും എംപിമാരാണ് ഡിഎംകെയ്ക്കുള്ളത്.

ഭരണഘടനാ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ ഡിഎംകെയുടെ അംഗബലം നിർണായകമാണ്.

Related Articles

Back to top button