വീണ്ടും സാമ്പത്തിക തിരിമറി.. കോടിയേരിയുടെ പേരിൽ പണിയുന്ന കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മറ്റി ഓഫീസ് ഫണ്ട്..

പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ കണ്ണൂർ സിപിഎമ്മിൽ വീണ്ടും സാമ്പത്തിക തിരിമറിയാരോപണം പുകയുന്നു. കോടിയേരി ബാലകൃഷ്ണൻറെ പേരിൽ പണിയുന്ന കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മറ്റി ഓഫീസിൻറെ ഫണ്ട് പിരിവിൽ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ലോക്കൽ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും നീക്കി.

പയ്യന്നൂരിലെ ഫണ്ട് വിവാദവും തെരഞ്ഞെടുപ്പിലെ തിരിച്ചടിയിലുണ്ടായ ക്ഷീണവും ഒതുങ്ങുന്നതിനു മുമ്പ് കണ്ണൂർ സിപിഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം സജീവമാവുകയാണ്. സിപിഎം കണ്ണൂർ ഈസ്റ്റ് ലോക്കൽ കമ്മറ്റി ഓഫീസിനായി ഫണ്ട് പിരിവ് നടത്തി രണ്ടു വർഷമായിട്ടും കെട്ടിടം ഉയരാത്തിതിന് പിന്നിൽ സാമ്പത്തിക ക്രമക്കോടെന്ന ആക്ഷേപമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. അടുത്തിടെ നടന്ന ബ്രാഞ്ച് ലോക്കൽ കമ്മറ്റി യോഗങ്ങളിൽ വിമർശനം ശക്തമായതിന് പിന്നാലെ ലോക്കൽ സെക്രട്ടറി ഇ രമേശനെ സ്ഥാനത്ത് നിന്നും നീക്കി.കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തതായാണ് വിവരം.

ഓഫീസ് നിർമാണത്തിനായി കണ്ണൂർ നഗരത്തിൽ 70 ലക്ഷം രൂപയോളം ചെലവിട്ട് പഴയ വീടടങ്ങുന്ന സ്ഥലം വാങ്ങിയിട്ടുണ്ട്. ലോക്കൽ സെക്രട്ടറിയെന്ന പേരിൽ സ്ഥലം രജിസ്റ്റർ ചെയ്യുന്നതിന് പകരം സ്വന്തം പേരിൽ ഈ സ്ഥലം രമേശൻ രജിസ്റ്റർ ചെയ്തെന്ന പരാതിയും ഉയർന്നു. നേതൃത്വത്തിൻറെ അനുമതിയില്ലാതെ ഈ സ്ഥലം ഈട് വെച്ച് ബാങ്കിൽ നിന്നും വായ്പയെടുത്തെന്നും ആരോപണമുണ്ട്. പിരിവ് നടത്തിയതിലും, ഫണ്ട് ശേഖരണത്തിനായി പ്രദർശന പരിപാടി സംഘടിപ്പിച്ചതിലും കൃത്യമായ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

ആരോപണങ്ങളിൽ അന്വേഷണം നടത്താനായി രണ്ടംഗ കമ്മീഷനെ നിയോഗിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. പരാതികൾ നേരത്തെ തന്നെ നേതൃത്വത്തിന് ലഭിച്ചിരുന്നെങ്കിലും പാർട്ടിക്കുള്ളിൽ പ്രതിഷേധം കടുത്തത് കണക്കിലെടുത്താണ് അടിയന്തിര നടപടികളിലേക്ക് കടന്നത്. അതേ സമയം ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നും ചിലർ തെറ്റായ പ്രചാരണം പാർട്ടിക്കെതിരെ നടത്തുകയാണെന്നുെം സിപിഎം കണ്ണൂർ ഏരിയാ കമ്മറ്റി പ്രതികരിച്ചു.

Related Articles

Back to top button