സംവിധായകൻ വിജീഷ് മണിയുടെ ജീപ്പിന്…

തൃശ്ശൂർ: ചലച്ചിത്രസംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ചാവക്കാട് മുതുവട്ടൂർ ആലുംപടിയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പിനാണ് അക്രമികൾ തീയിട്ടത്. മഴക്കോട്ട് ധരിച്ച രണ്ടുപേർ വിജീഷ് മണിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി വാഹനത്തിന് തീയിട്ടശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഇവർ വീട്ടിലേക്കെത്തുന്നതും ജീപ്പ് കത്തിച്ചതിന് പിന്നാലെ ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ജീപ്പിൽ തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാരും വീട്ടുകാരും ഗുരുവായൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചെങ്കിലും ജീപ്പിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.



