അധ്യാപകർ പ്രതിയായ ലഹരിക്കേസിൽ… വിദ്യാഭ്യാസ വകുപ്പിന്റെ….

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ വകുപ്പുതല അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്‌കെ അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എം. കെ. ഷൈൻ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അന്വേഷണം നടത്തുക. ഇതുസംബന്ധിച്ച ഉത്തരവ് എസ്എസ്‌കെ പ്രോജക്ട് ഡയറക്ടർ പുറത്തിറക്കി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനിടെയാണ് സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അന്വേഷണത്തിന് നിർദേശം നൽകിയത്.
അതേസമയം, കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികളും അന്വേഷണസംഘം ആരംഭിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കീർത്തനയുടെ അക്കൗണ്ടിൽ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ ഒമ്പത് ലക്ഷം രൂപയും എത്തിയതായാണ് കണ്ടെത്തൽ. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന അധ്യാപികമാരുടെ അക്കൗണ്ടുകളിൽ ഇത്രയും തുക എത്തിയതിൽ ലഹരി ഇടപാടിന്റെ പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കൂടാതെ, പ്രതികൾ ഉപയോഗിച്ചിരുന്ന വിദേശ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ലഹരി വിൽപ്പന ശൃംഖലയുമായി ഈ നമ്പറുകൾക്ക് ബന്ധമുണ്ടോയെന്നും വിദേശ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ അടുത്ത നീക്കം. കേസിലെ സാമ്പത്തിക ഇടപാടുകളും ലഹരി ശൃംഖലയിലെ മറ്റ് ബന്ധങ്ങളും കണ്ടെത്താനാണ് അന്വേഷണ ഏജൻസികളുടെ ശ്രമം.



