ആലുവയിൽ 12-കാരിക്കൊപ്പം കണ്ടെത്തിയ യുവാവിനെതിരെ….

കൊച്ചി: ആലുവ ആലങ്ങാട് കരുമാലൂരിൽ നിന്ന് നാല് ദിവസം മുൻപ് കാണാതായ 12-കാരിക്കൊപ്പം കണ്ടെത്തിയ യുവാവിനെതിരെ പോക്സോ നിയമവും തട്ടിക്കൊണ്ടുപോകൽ വകുപ്പുകളും ചുമത്തി പൊലീസ് കേസെടുത്തു. കൊല്ലം ക്ലാപ്പന സ്വദേശി അഭിജിത് (25) റിമാൻഡിലാണ്. കഴിഞ്ഞ ശനിയാഴ്ച പുസ്തകം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൂണെയിൽ നിന്ന് യുവാവിനൊപ്പം കുട്ടിയെ കണ്ടെത്തിയത്.
അന്വേഷണത്തിൽ, ഇൻസ്റ്റഗ്രാം വഴിയാണ് യുവാവും കുട്ടിയും പരിചയപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. യുവാവിന്റെ നിർദേശപ്രകാരം കുട്ടി കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഓഫ് ചെയ്തിരുന്നെങ്കിലും, ഇടയ്ക്കിടെ ഫോൺ ഓൺ ചെയ്തപ്പോൾ ലഭിച്ച ലൊക്കേഷൻ വിവരങ്ങൾ അന്വേഷണത്തിന് നിർണായകമായി. കാസർകോട്, മംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സിഗ്നലുകൾ പിന്തുടർന്നും യുവാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയുമാണ് ഇരുവരും പൂണെയിലേക്ക് പോയതായി സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ നീക്കത്തിൽ നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്ന് ഇരുവരെയും പൊലീസ് കണ്ടെത്തി. കുട്ടിയെ രക്ഷപ്പെടുത്തി രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, പ്രതിക്കെതിരെ 2023-ൽ രജിസ്റ്റർ ചെയ്ത ലഹരി കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലുള്ള പ്രതിയുടെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. അന്വേഷണം തുടരുകയാണ്.



