മുഖ്യമന്ത്രി വിഡിഎസുമായി കൂടിക്കാഴ്ചക്ക് പിന്നാലെ വമ്പൻ പ്രഖ്യാപനം

സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിനും അടിസ്ഥാനസൗകര്യ വികസനങ്ങൾക്കും കരുത്തേകാൻ വൻകിട നിക്ഷേപങ്ങളുമായി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്. എഐഐ സീനിയർ ഇൻവെസ്റ്റ്മെന്റ് ഓഫീസർ രാജേഷ് യാദവ്, ഇൻവെസ്റ്റ്മെന്റ് ഓഫീസർ മുഹമ്മദ് ഷാരിബ് ഖാൻ, അസോസിയേറ്റ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ വൻഷിക കാന്ത് എന്നിവരടങ്ങിയ ഉന്നതതല സംഘം സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി.
കൊച്ചി മെട്രോ രണ്ടാം ഘട്ടം (പിങ്ക് ലൈൻ), ഖരമാലിന്യ സംസ്കരണ പദ്ധതി, പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള റെസിലിയന്റ് കേരള പ്രോഗ്രാം, അണക്കെട്ടുകളുടെ പുനരധിവാസ പദ്ധതി എന്നിവയിൽ ബാങ്ക് നിലവിൽ കേരളവുമായി സഹകരിക്കുന്നുണ്ട്. ഈ പങ്കാളിത്തം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ നിർമ്മാണങ്ങൾക്കും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള വികസനത്തിനും കേരളം നൽകുന്ന മുൻഗണന ബാങ്കിന്റെ 2030 വരെയുള്ള വികസന നയപരിപാടികളുമായി ചേർന്നു പോകുന്നതാണെന്ന് പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി.
മത്സ്യബന്ധനം, തുറമുഖങ്ങൾ, ഉൾനാടൻ ജലഗതാഗതം, മാരിടൈം ലോജിസ്റ്റിക്സ്, തീരദേശ വികസനം, ടൂറിസം തുടങ്ങിയവ കോർത്തിണക്കിയുള്ള മിഷൻ സമുദ്ര പദ്ധതിയുമായി സഹകരിക്കാനുള്ള ബാങ്കിന്റെ പ്രത്യേക താൽപര്യം പ്രതിനിധികൾ സർക്കാരിനെ അറിയിച്ചു. സംയോജിത പ്രോഗ്രാം മാതൃകയിലൂടെ ബ്ലൂ ഇക്കോണമി രംഗത്ത് വൻ നിക്ഷേപങ്ങൾ എത്തിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കുട്ടനാട്-വേമ്പനാട് കായൽ മേഖലയുടെ സംരക്ഷണം, ജലസേചന സംവിധാനങ്ങൾ ആധുനികവത്കരിക്കൽ, പ്രളയ പ്രതിരോധം, റോഡുകളുടെയും നഗരങ്ങളുടെയും വികസനം, പുനരുപയോഗ ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിലും ബാങ്ക് നിക്ഷേപ സന്നദ്ധത അറിയിച്ചു.
എ ഐ ഐ ബിയുടെ സഹകരണത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി, നാടിന്റെ വികസനത്തിൽ ബാങ്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു. പരിസ്ഥിതിക്കും നാടിനും കോട്ടം തട്ടാത്തതും ദീർഘകാലത്തേക്ക് ജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ വികസനത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ പാലിച്ചും സംസ്ഥാന വികസന നയങ്ങൾക്ക് അനുസരിച്ചും നാടിന്റെ വളർച്ചയ്ക്ക് സഹായകരമാകുന്ന പുതിയ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വരും മാസങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തി, മുൻഗണന നൽകേണ്ട പ്രധാന പദ്ധതികളുടെയും നിക്ഷേപങ്ങളുടെയും അന്തിമ പട്ടിക തയാറാക്കും.



