വൃദ്ധസദനങ്ങളുടെ പേര് മാറ്റാൻ കർശന നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. കൂടാതെ, ‘വൃദ്ധസദനം’ എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ആവശ്യമായ ബോധവൽക്കരണം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കാൻ അടിയന്തര ഭരണപരമായ നടപടികൾ സ്വീകരിക്കാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.




