കാർ പിന്നോട്ടെടുക്കാൻ വഴിനൽകിയില്ല… യുവാവിന് ക്രൂരമർദ്ദനം… യുവാവിന്റെ….

കൊച്ചി: കാർ പിന്നോട്ടെടുക്കുന്നതിനായി സ്കൂട്ടർ ഒതുക്കി നിർത്തിയില്ലെന്ന് ആരോപിച്ച് യുവാവിനെ നാലംഗസംഘം ക്രൂരമായി മർദ്ദിച്ചു. വാഴക്കാല പടമുഗളിൽ താമസിക്കുന്ന സുധീഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം 22-ന് രാത്രി 10.04ഓടെ പാലാരിവട്ടം–സിവിൽ ലൈൻ റോഡിലായിരുന്നു സംഭവം. നാലംഗസംഘം സഞ്ചരിച്ച കാർ പിന്നോട്ടെടുക്കുന്നതിനായി കൂട്ടത്തിലൊരാൾ സ്കൂട്ടർ തടഞ്ഞുനിർത്തിയെന്നാണ് വിവരം. എന്നാൽ ഇത് ശ്രദ്ധിക്കാതെ സ്കൂട്ടർ മുന്നോട്ടെടുത്ത സുധീഷിനോട് “എന്താ നിനക്ക് വണ്ടി നിർത്തിയാൽ” എന്ന് ചോദിച്ച് മുഖത്തടിക്കുകയായിരുന്നുവെന്നാണ് പരാതി.
തുടർന്ന് നെഞ്ചിലും ഇടത് ചെവിയിലും മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ സുധീഷിന്റെ ഒരു ചെവിയുടെ കേൾവിശക്തിക്ക് തകരാർ സംഭവിക്കുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിനിടെ സുധീഷിന്റെ 14,000 വിലവരുന്ന മൊബൈൽ ഫോൺ പ്രതികൾ എറിഞ്ഞുതകർത്തതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പൊലീസ് പാലാ രജിസ്ട്രേഷനിലുള്ള കാറിന്റെ ഉടമകളെ ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അവർ എത്തിയില്ല. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ കാക്കനാട് സ്കൂട്ടർ യാത്രികരായ മൂന്ന് യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് വീണ്ടും സമാനമായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആ കേസിൽ കാപ്പാ കേസ് പ്രതിയുൾപ്പെടെയുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



