സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ല… മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ പ്രസംഗം മുഴുവൻ കേൾക്കാത്തതിനെ തുടർന്നാണ് വിവാദമുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അമ്മ മരിച്ചിട്ട് 27 വർഷമായെന്നും ഇന്നും അമ്മ പാകം ചെയ്ത ഭക്ഷണത്തിന്റെ രുചി ഓർമയിലുണ്ടെന്നും, അത്തരം സ്നേഹവും രുചികളും അടുത്ത തലമുറയ്ക്ക് പകർന്നുനൽകണമെന്നുമാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ സസ്പെൻഷൻ നടപടിയിലും മുഖ്യമന്ത്രി പ്രതികരിച്ചു. വിഷയത്തിൽ ധൃതിപിടിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണ് നടപടിയിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചെന്നും പിന്നീട് ലഭിച്ച റിപ്പോർട്ടിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് എഡിജിപിക്കെതിരെ നടപടി എടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചില മാധ്യമങ്ങൾ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ നൽകിയെങ്കിലും മാധ്യമ റിപ്പോർട്ടുകളുടെ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചതിനാലാണ് ട്രിബ്യൂണലിൽ നിന്ന് സ്റ്റേ ലഭിക്കാത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമചിത്തതയോടെയാണ് സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതെന്നും എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Related Articles

Back to top button