കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി…. തീരുമാനമെടുക്കാൻ…

കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഹർജിക്കാരെയും കെഎസ്ആർടിസിയെയും കേട്ടശേഷം തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. കെഎസ്ആർടിസി കണ്ടക്ടർമാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. അനുയോജ്യമായ രീതിയിലുള്ള ആർത്തവ അവധി നയത്തിന് സർക്കാർ രൂപം നൽകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കെഎസ്ആർടിസിയിൽ മൂവായിരത്തോളം വനിതാ ജീവനക്കാരുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കർണാടകയിൽ പ്രതിമാസം ഒരു ദിവസത്തെ ആർത്തവ അവധി അനുവദിച്ചിട്ടുള്ള കാര്യം ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.




