കോടികളുടെ ലഹരി ഇടപാട്… വടകരയിലെ അധ്യാപികമാരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ

കോഴിക്കോട്: വടകരയിൽ എംഡിഎംഎ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അധ്യാപികമാരായ കീർത്തനയും കാവ്യയും നയിച്ചിരുന്നത് ആഡംബര ജീവിതമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ. ബ്ലോക്ക് റിസോഴ്സ് സെന്ററിലെ (BRC) അധ്യാപകരായ ഇരുവർക്കും പ്രതിമാസം ഏകദേശം 12,000 ശമ്പളമാണ് ലഭിച്ചിരുന്നത്. എന്നാൽ അവരുടെ ജീവിതശൈലിയും സാമ്പത്തിക ഇടപാടുകളും പൊലീസിൽ സംശയം ജനിപ്പിച്ചതോടെയാണ് അന്വേഷണം കൂടുതൽ ശക്തമായത്.

അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോൾ കോടിക്കണക്കിന് രൂപയുടെ ലഹരി ഇടപാടുകൾ നടന്നതായി കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് കീർത്തനയും കാവ്യയുമാണെന്നും, ഇതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ലഹരിക്കെതിരെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് സൂംബ ഡാൻസ് ഉൾപ്പെടെയുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്ന അധ്യാപികയാണ് കീർത്തന. ഇതിനിടെയാണ് ലഹരിക്കടത്ത് കേസിൽ ഇവരുടെ പങ്ക് പുറത്തുവന്നത്. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഇരുവരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. മറ്റ് അധ്യാപകർക്കും കേസുമായി ബന്ധമുണ്ടോയെന്നും, ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവരെയും ലഹരി വാങ്ങിയവരെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അന്വേഷണത്തിൽ, ലഹരി വാങ്ങുന്നവരിൽ നിന്ന് ക്യൂആർ കോഡ് വഴി പണം സ്വീകരിക്കുകയും, പിന്നീട് ഗൂഗിൾ മാപ്പ് ലൊക്കേഷൻ അയച്ച് വിതരണ സംഘത്തിന് വഴി ഒരുക്കുകയും ചെയ്തിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കീർത്തനയുടെ അക്കൗണ്ടിലൂടെയും ലഹരി സംഘത്തിലെ മറ്റ് അംഗങ്ങളുടെ അക്കൗണ്ടുകളിലൂടെയും കാവ്യയുടെ അക്കൗണ്ടിലേക്കും പണമിടപാടുകൾ നടന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വടകര സ്വദേശി സഫ്‌വാനെ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടികൂടിയ ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണത്തിനിടെയാണ് ഈ ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അധ്യാപക പരിശീലനവും വിദ്യാലയങ്ങളുടെ ഗുണനിലവാര പ്രവർത്തനങ്ങളും ഏകോപിപ്പിക്കേണ്ട ചുമതലയുള്ള അധ്യാപികമാരെ ലഹരി ശൃംഖല ഇടനിലക്കാരായി ഉപയോഗിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പണം അയച്ചവരെയും ലഹരി കൈമാറിയവരെയും കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു.

Related Articles

Back to top button