മോദിയെയും മാതാവിനെയും അധിക്ഷേപിച്ചു…. മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ…

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പൊലീസ് കേസെടുത്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് കോഴിക്കോട് സൈബർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവാദമായ പരാമർശത്തിന് പിന്നാലെ ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ച് പരസ്യമായി ക്ഷമാപണം നടത്തി. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചല്ല അത്തരമൊരു പരാമർശം നടത്തിയതെന്ന് അവർ വ്യക്തമാക്കി.
ഗൂഗിളിൽ പരിശോധിച്ചപ്പോഴാണ് താൻ പറഞ്ഞ വിവരം തെറ്റാണെന്ന് മനസ്സിലായതെന്നും, ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് വസ്തുതകൾ ഉറപ്പാക്കേണ്ടിയിരുന്നുവെന്നും ജാൻമണി ദാസ് വീഡിയോയിൽ പറഞ്ഞു. എല്ലാവരെയും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വിവാദത്തിന് പിന്നാലെ കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി ഭീഷണി കോളുകൾ ലഭിച്ചതായും ജാൻമണി ദാസ് വെളിപ്പെടുത്തി. “ഒരു ചെറിയ കുട്ടിയാണെന്ന് കരുതി ക്ഷമിക്കണം. അതിൽ കൂടുതൽ പറയാൻ ഒന്നുമില്ല,” എന്നായിരുന്നു അവരുടെ പ്രതികരണം. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയിലുള്ള ആരോപണങ്ങളും ജാൻമണി ദാസിന്റെ വിശദീകരണവും ഉൾപ്പെടുത്തി തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.



