‘ടി ജി മോഹൻദാസിനെതിരെ ലൈംഗിക അതിക്രമ ആഹ്വാനത്തിനും വർഗീയ പ്രചാരണത്തിനും കേസെടുക്കണം’….ആഭ്യന്തരമന്ത്രിക്ക് പരാതി

തിരുവനന്തപുരം: ജന്തര്‍ മന്തറില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിവാദ പ്രസ്താവനയില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിനെതിരെ പരാതി നല്കി സാമൂഹ്യപ്രവര്‍ത്തകർ. ശ്രീജ നെയ്യാറ്റിന്‍കര, അഡ്വ. സീന ഭാസ്കർ, പ്രീത ജി പി, വിജു വർമ്മ എന്നിവരാണ് പരാതി നൽകിയത്. ടി ജി മോഹന്‍ദാസിനെതിരെ ലൈംഗിക അതിക്രമ ആഹ്വാനത്തിനും വര്‍ഗീയ പ്രചാരണത്തിനും കേസെടുക്കണം എന്നാണ് ആവശ്യം.
ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുളള ‘അധികാരം ലഭിച്ചാല്‍ എല്ലാവരെയും വെടിവെച്ച് കൊല്ലും, ശവങ്ങള് പെറുക്കി കൊണ്ടുപോകും’ എന്ന പരാമര്‍ശം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിക്കുളളില്‍ പെടുന്നതല്ലെന്നും പൊതുജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നതും രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ സംഘടിത അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഗുരുതരമായ പ്രസ്താവനകളാണെന്നും പരാതിയിൽ പറയുന്നു.



