പാൽക്കുളങ്ങര കേസിൽ കൂടുതൽ തെളിവുകൾ പൊലീസിന്….

തിരുവനന്തപുരം: തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെത്തി. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടോത്തികളാണ് പ്രതിയായ പ്രദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെടുത്തത്.
അയൽവാസികളായ വിശാഖും പ്രദീപും തമ്മിലുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇരുകുടുംബങ്ങളും വർഷങ്ങളായി അതിർത്തിത്തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നും നാല് മാസം മുൻപ് വിശാഖ് പ്രദീപിനെ ആക്രമിച്ച സംഭവത്തിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നും സംഭവശേഷം തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി. കേസിലെ പ്രതിയായ പ്രദീപിനെയും മൂന്ന് സുഹൃത്തുക്കളെയും കഴിഞ്ഞ ദിവസം പുലയനാർകോട്ടയിലെ കാട്ടിനുള്ളിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നു മൂന്ന് വാക്കത്തികളും പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണവും പ്രതികളുടെ പങ്കും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.



