മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു…. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ കളവ് പറഞ്ഞ് ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. വഖഫ് വിഷയത്തിൽ സ്വീകരിച്ച നിലപാടിന്റെ പേരിൽ തനിക്കെതിരെ വർഗീയത പരത്തുന്നുവെന്ന ആരോപണം എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നിലപാടുകളാണ് ഇപ്പോഴും പിന്തുടരുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി. വഖഫ് ബോർഡിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തുകയെന്നത് ബി.ജെ.പി കൊണ്ടുവന്ന നിയമഭേദഗതിയാണെന്നും, രാജ്യത്തെ ബി.ജെ.പി ഇതര സർക്കാരുകളിൽ ആദ്യമായി ഈ ഭേദഗതി അംഗീകരിച്ച് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത് യു.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ഇതുവഴി യു.ഡി.എഫ് സർക്കാർ സംഘപരിവാർ അജണ്ടയ്ക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണെന്നും, ഇക്കാര്യത്തിൽ വിയോജിപ്പ് അറിയിച്ചപ്പോഴാണ് മുഖ്യമന്ത്രി നിലവിട്ട് സംസാരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തിന്റെ ഇത്തരം മാറ്റങ്ങളോട് യോജിക്കുന്നതാണോ അതോ വിയോജിക്കുന്നതാണോ വർഗീയതയെന്ന് അദ്ദേഹം ചോദിച്ചു.
നിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുകയും ശക്തമായ നിയമപോരാട്ടങ്ങൾ നടത്തുകയും ചെയ്തത് എൽ.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് പുനഃസംഘടനയിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്താതെ രണ്ട് സീറ്റുകൾ ഒഴിച്ചിടുകയാണ് അന്ന് ചെയ്തതെന്നും, ഭരണമാറ്റത്തിന് ശേഷവും അതേ നിലപാട് എൽ.ഡി.എഫ് ആവർത്തിച്ചപ്പോൾ അതിനെ മുഖ്യമന്ത്രി വർഗീയതയായി ചിത്രീകരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂട്ടിച്ചേർത്തു.



