പോക്സോ പ്രതിക്കെതിരെ ഗുരുതര ആരോപണവുമായി മകന്റെ ഭാര്യ….

കണ്ണൂർ: പോക്സോ കേസിൽ വീണ്ടും അറസ്റ്റിലായ നാടകപ്രവർത്തകനെതിരെ ഗുരുതര ആരോപണവുമായി മകന്റെ ഭാര്യ. തന്റെ ആറ് വയസുകാരിയായ മകളെ മുത്തച്ഛനായ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും, മക്കളെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം അതാണെന്നും യുവതി ആരോപിച്ചു. പോക്സോ കേസിൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം 16 വയസുകാരനെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റിലായ പശ്ചാത്തലത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായ മധ്യവയസ്‌കനെയാണ് കഴിഞ്ഞ ദിവസം വീണ്ടും പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

ഭർതൃപിതാവ് മകളെ പീഡിപ്പിച്ചിരുന്നു. പീഡന വിവരം പുറത്തുപറയാതിരിക്കാൻ തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും. ഇക്കാര്യം പലതവണ പറഞ്ഞിട്ടും ഭർത്താവ് വിശ്വസിച്ചിരുന്നില്ല. അച്ഛനോട് ദേഷ്യമുള്ളതിനാലാണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു ആദ്യം ഭർത്താവിന്റെ പ്രതികരണം എന്നും യുവതി പറഞ്ഞു. പോക്സോ കേസിലെ പ്രതിയുടെ കൂടെ മകളെ താമസിപ്പിച്ചതിന് കുടുംബ കോടതിയിൽ ഭർത്താവിന് ശകാരമേറ്റിരുന്നുവെന്നും, അതിന് പിന്നാലെയാണ് തന്റെ പേരെഴുതിവെച്ച് മക്കളെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്നും യുവതി ആരോപിച്ചു.

പയ്യന്നൂർ പൊലീസ് തന്റെ ഭാഗം കേട്ടില്ലെന്നും, പകരം തനിക്കെതിരെ ആത്മഹത്യാപ്രേരണാ കേസ് രജിസ്റ്റർ ചെയ്തുവെന്നും യുവതി പറഞ്ഞു. ഇതോടെ നാട്ടുകാർക്കിടയിൽ താൻ കുറ്റക്കാരിയായി ചിത്രീകരിക്കപ്പെട്ടെന്നും, സമൂഹമാധ്യമങ്ങളിലൂടെ കടുത്ത അധിക്ഷേപവും സൈബർ ആക്രമണവും നേരിടേണ്ടി വന്നെന്നും അവർ പറഞ്ഞു. സംഭവത്തെ തുടർന്ന് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായെന്നും, പിന്നീട് കാസർകോട്ടേക്ക് താമസം മാറേണ്ടിവന്നെന്നും യുവതി പറഞ്ഞു. ഇപ്പോഴെങ്കിലും സത്യം പുറത്തുവന്നത് വലിയ ആശ്വാസമാണെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Back to top button