പി.കെ. ശ്രീമതി ടീച്ചറുടെ പേരിൽ വ്യാജ പ്രചരണം… ഒടുവിൽ യാഥാർത്ഥ്യം പുറത്ത്…

തൃശൂർ: സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചർക്കെതിരെ ഉയർന്ന പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരണവുമായി കുന്നംകുളം മുൻ എംഎൽഎ പി.ആർ. കൃഷ്ണന്റെ മകൻ അജിത് കുമാർ. സി.പി.എം നേതാവ് പി.കെ. ശ്രീമതി തന്റെ അമ്മയായ പി.കെ. ശ്രീമതിയുടെ പെൻഷൻ കൈപ്പറ്റിയിട്ടില്ലെന്നും, പേരിലെ സാമ്യം കൊണ്ട് ഉണ്ടായിട്ടുള്ള വിവാദമാണിതെന്നും അജിത് കുമാർ പറഞ്ഞു. അറിവില്ലായ്മ കൊണ്ടോ മനപ്പൂർവ്വമോ ആണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചർക്ക് തന്റെ പൂർണ്ണവും നിരുപാധികവുമായ പിന്തുണയുണ്ടെന്നും അജിത് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
കുന്നംകുളം മുൻ എംഎൽഎ പി.ആർ. കൃഷ്ണന്റെ ഭാര്യയുടെ പെൻഷൻ സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചർ തട്ടിയെടുക്കുന്നു എന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം നടന്നത്. ഇതിനെതിരെ കടുത്ത വൈകാരിക പ്രതികരണവുമായാണ് പി.കെ. ശ്രീമതി ടീച്ചർ രംഗത്തെത്തിയത്. തനിക്കെതിരെ നടക്കുന്ന അപകീർത്തികരമായ വ്യാജ പ്രചാരണത്തിനെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്ന് അവർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഡിജിപി, ആഭ്യന്തര മന്ത്രി, സ്പീക്കർ, മുഖ്യമന്ത്രി എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകുമെന്നും പി.കെ. ശ്രീമതി ടീച്ചർ അറിയിച്ചിരുന്നു.



