ഗതാഗത വകുപ്പിൽ വീണ്ടും അഴിച്ചുപണി… സെക്രട്ടറി സ്ഥാനത്തുനിന്ന് അനുപമ പുറത്ത് ഇനി….

തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി. കേന്ദ്ര സർവീസിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡി. ബാലമുരളിയാണ് പുതിയ ഗതാഗത വകുപ്പ് സെക്രട്ടറി. ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും പുതിയ നിയമനങ്ങളും സംബന്ധിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് ഉത്തരവിറക്കി. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. ഗതാഗത വകുപ്പിലെ ഏവിയേഷൻ, മെട്രോ, റെയിൽവേ മേഖലകളുടെ മുഴുവൻ അധിക ചുമതലയും അവർ തുടർന്നും വഹിക്കും.

ഗതാഗത കമ്മീഷണർ നാഗരാജുവിനെ മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് നേരത്തെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും അനുപമയെ മാറ്റിയിരിക്കുന്നത്. ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയ്ക്ക് പുറമേ, ഏവിയേഷൻ, മെട്രോ, റെയിൽവേ എന്നിവ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പദവിയും അദ്ദേഹം വഹിക്കും. അതേസമയം, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്കുള്ള അധിക ചുമതലകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Back to top button