‘മിഷൻ കട്ടുപൂച്ചൻ’ മുതൽ വേഷംമാറിയ കാത്തിരിപ്പ് വരെ; നിർണായകമായത് ഭാര്യയുടെ പേര് നെഞ്ചിൽ പച്ചകുത്തിയത്; മണ്ണഞ്ചേരിയെ വിറപ്പിച്ച കുറുവ സംഘം കുടുങ്ങിയതിങ്ങനെ..

ആലപ്പുഴ: നാടിനെ വിറപ്പിച്ച കുറുവ സംഘം മണ്ണഞ്ചേരിയിൽ നടത്തിയ മോഷണ പരമ്പരയിലെ ഒരു കേസിൽ ഒന്നാം പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് തേനി സ്വദേശി സന്തോഷ് ശെൽവത്തിന് (25) ആണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (2) ശിക്ഷ വിധിച്ചത്. ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങൾക്ക് രണ്ടു വർഷം വീതം തടവും 10,000 രൂപ വീതം പിഴയുമാണ് ജഡ്ജി ശീതൾ ശശിധരൻ വിധിച്ചത്.
പിഴത്തുകയിൽ നിന്ന് 5,000 രൂപ പരാതിക്കാരിയായ മണ്ണഞ്ചേരി നായ്ക്കംവെളിയിൽ ജയന്തിക്ക് നഷ്ടപരിഹാരമായി നൽകണം. അതേസമയം, കേസ് തെളിയിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റി എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് രണ്ടാം പ്രതി തമിഴ്‌നാട് രാമനാഥപുരം സ്വദേശി ‘കട്ടുപൂച്ചൻ’ എന്നറിയപ്പെടുന്ന മണികണ്ഠനെ (56) കോടതി വെറുതെ വിട്ടു.
ഇരുവരും ഉൾപ്പെട്ട മറ്റു രണ്ടു കേസുകളിൽ ഈ മാസം 27-ന് കോടതി വിധി പ്രസ്താവിക്കും. 2024 നവംബർ 17 മുതൽ കസ്റ്റഡിയിലുള്ള സന്തോഷ്, ഇനി ഏതാനും മാസങ്ങൾ കൂടി തടവുശിക്ഷ അനുഭവിച്ചാൽ മതിയാകും. വിധി ചോദ്യം ചെയ്ത് ഉടൻ ജില്ലാ കോടതിയിൽ അപ്പീൽ നൽകുമെന്ന് സന്തോഷിന്റെ അഭിഭാഷകൻ അറിയിച്ചു.
നിർണായകമായത് നെഞ്ചിലെ പച്ചകുത്ത്!
സിനിമാക്കഥകളെ വെല്ലുന്ന അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്. മോഷണസമയത്ത് പ്രതിയുടെ നെഞ്ചിൽ പച്ചകുത്തിയ അടയാളം സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതാണ് കേസിൽ നിർണായക തെളിവായത്. സന്തോഷ് നെഞ്ചിൽ പച്ചകുത്തിയിരുന്ന ഭാര്യ ജ്യോതിയുടെ പേരാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
കുറുവ സംഘത്തെ പിടികൂടാൻ രൂപീകരിച്ച പ്രത്യേക ‘ആന്റി കുറുവ സ്ക്വാഡ്’ വേഷം മാറി ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കൊച്ചി കുണ്ടന്നൂർ മേൽപാലത്തിനടിയിൽ നിന്ന് സന്തോഷിനെ സാഹസികമായി പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് തോട്ടിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു.
സന്തോഷിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ‘മിഷൻ കട്ടുപൂച്ചൻ’ എന്ന പ്രത്യേക ഓപ്പറേഷനിലൂടെയാണ് രാമനാഥപുരത്തു നിന്ന് കൂട്ടുപ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസിന് വീഴ്ച സംഭവിച്ചെന്ന് പ്രതിഭാഗം
കട്ടുപൂച്ചനെ അറസ്റ്റ് ചെയ്തതിൽ പൊലീസിന് ഗുരുതര നിയമവിഴ്ചകൾ സംഭവിച്ചതായി പ്രതിഭാഗം കോടതിയിൽ വാദിച്ചു. തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ട്രാൻസിറ്റ് വാറന്റ് ഇല്ലാതെയാണ് കേരളത്തിലെത്തിച്ചതെന്നും, മുഖം മറയ്ക്കാതെ കൊണ്ടുവന്നത് തിരിച്ചറിയൽ പരേഡിനെ ബാധിച്ചെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കൂടാതെ, മോഷണം പോയ സ്വർണാഭരണം കണ്ടെത്താൻ കഴിയാതിരുന്നതും പ്രതിക്ക് അനുകൂലമായി.



