സമരക്കാർ വിശന്നിരിക്കരുത്… ജന്തർ മന്തറിലേക്ക് ഭക്ഷണമൊഴുക്കി ‘അജ്ഞാതർ’

ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും പ്രതിഷേധക്കാർക്കുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്ഷണമൊഴുക്കി ‘അജ്ഞാതർ’. പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ വഴിയാണ് അപരിചിതരായ ആളുകൾ ഓർഡറുകൾ നൽകി തങ്ങളുടെ പിന്തുണ അറിയിക്കുന്നത്. ദൂരദേശങ്ങളിൽ ഇരിക്കുന്നവർക്ക് സമരത്തിന്റെ ഭാഗമാകാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമുള്ള പുതിയൊരു മാർഗ്ഗമായാണ് ഇതിനെ വിലയിരുത്തുന്നത്. സമര രംഗത്തുള്ള വിദ്യാർത്ഥികൾ വിശന്നിരിക്കരുത് എന്ന ആഗ്രഹത്തോടെയാണ് പലരും ഭക്ഷണ സാധനങ്ങൾ അയച്ചുനൽകുന്നത്.
മഹാരാഷ്ട്ര, ഹൈദരാബാദ് ഉൾപ്പെടെയുള്ള വിദൂര സംസ്ഥാനങ്ങളിൽ നിന്നുപോലും ആളുകൾ ഓർഡറുകൾ നൽകുന്നുണ്ട്. വെജിറ്റേറിയൻ താലികൾ, പിസ്സ, ബർഗർ, കുടിവെള്ള കുപ്പികൾ, അത്യാവശ്യ മരുന്നുകൾ എന്നിവയാണ് സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർ വഴി സമരപ്പന്തലിലേക്ക് എത്തുനത്. “സമരക്കാർക്ക് കൊടുക്കൂ” എന്ന പ്രത്യേക സന്ദേശത്തോടെയാണ് ഓർഡറുകൾ ലഭിക്കുന്നതെന്ന് ഡെലിവറി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. ലഭിച്ച ഭക്ഷണ സാധനങ്ങളും വെള്ളവും മരുന്നുകളും സമരപ്പന്തലിൽ പൊതുവായി വെച്ചിട്ടുണ്ടെന്നും സഹായം ആവശ്യമുള്ള ആർക്കും ഇവ ഉപയോഗിക്കാമെന്നും സി.ജെ.പി നേതൃത്വം അറിയിച്ചു. നിലവിൽ ആവശ്യത്തിലധികം ഭക്ഷണസാധനങ്ങൾ ലഭിച്ചതിനാൽ ഇനി കൂടുതൽ അയക്കരുതെന്നും സംഘാടകർ അഭ്യർത്ഥിച്ചു.
അതേസമയം, സമരക്കാർക്ക് ആവശ്യമായ പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഡൽഹിയിലെ സിഖ് സമൂഹം ഒരുക്കിയിട്ടുണ്ട്. ദൂരദേശങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് താമസിക്കാനായി പ്രശസ്തമായ ഗുരുദ്വാര ബംഗ്ലാ സാഹിബിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഓൺലൈൻ ആപ്പുകൾ വഴിയുള്ള ഈ വേറിട്ട സമര പിന്തുണയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വൻ ചർച്ചകളാണ് നടക്കുന്നത്.



