പോലീസിനെ കണ്ട് കാർ പുറകോട്ട് എടുക്കുന്നതിനിടെ അപകടം… 4 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ….

മലപ്പുറം: തിരൂരിൽ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് ലഹരിക്കടത്ത് സംഘം പിടിയിൽ. പുറത്തൂർ ആശുപത്രി പടി സ്വദേശി മുഹമ്മദ് ഷാനിൽ (29), കൈനിക്കര സ്വദേശി അമർജൽ കൃഷ്ണ (27) എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 4.200 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ബീരാഞ്ചിറ-പെരുന്തല്ലൂർ റൂട്ടിൽ പുലർച്ചെ 2.30 ഓടെ പോലീസ് പട്രോളിങ് നടത്തുന്നതിനിടെ ചെറിയ പറപ്പൂരിൽ വെച്ചാണ് സംഭവം.
കാറിലിരിക്കുകയായിരുന്ന പ്രതികൾ പോലീസ് വാഹനം കണ്ടയുടൻ രക്ഷപ്പെടാനായി കാർ അതിവേഗത്തിൽ പുറകോട്ട് എടുക്കുകയായിരുന്നു. എന്നാൽ കാർ നിയന്ത്രണം വിട്ട് സമീപത്തെ ഫുട്പാത്തിൽ ഇടിച്ച് കുടുങ്ങി. വാഹനം അപകടത്തിൽപ്പെട്ടതോടെ ഉള്ളിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് 4.200 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പ്രതികൾ സ്ഥിരമായി കേരളത്തിന് പുറത്തുനിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്നവരാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. തിരൂർ സി.ഐ അനിൽകുമാർ ടി. മേപ്പള്ളി, എസ്.ഐ എൻ.ആർ. സുജിത്, എസ്.ഐ ജിഷ്ണു, സി.പി.ഒമാരായ അനന്തു, ആദർശ്, ആശിഷ് സ്റ്റീഫൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.



