അടിയന്തര സാഹചര്യത്തിൽ വിളിച്ചിട്ടും ഫോൺ എടുത്തില്ല… ഡിവൈ.എസ്.പിക്കെതിരെ ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ തിരുവനന്തപുരം ക്രൈം റെക്കോർഡ്സ് ബ്യൂറോ സി.ഐ യഹിയ ഡിവൈ.എസ്.പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നിട്ടും ഡിവൈ.എസ്.പി വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സി.ഐ എന്തിനാണ് സ്റ്റേഷനിൽ പ്രശ്നമുണ്ടാക്കിയതെന്ന് അന്വേഷിക്കാൻ പോലും തയ്യാറായില്ലെന്നും, അടിയന്തര സാഹചര്യത്തിൽ വിളിച്ചപ്പോൾ ഡിവൈ.എസ്.പി ഫോൺ എടുത്തില്ലെന്നും യഹിയ കുറ്റപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്ന് അവകാശപ്പെട്ട സി.ഐ യഹിയ, ഡിവൈ.എസ്.പിയുടെ നടപടിക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകുമെന്നും സസ്‌പെൻഷനെതിരെ കോടതിയെ സമീപിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ചുള്ളിമാനൂരിൽ നിന്ന് ആയുധങ്ങളുമായി അക്രമത്തിന് മുതിർന്ന നാലംഗ സംഘത്തെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ രണ്ട് പേർ സി.ഐ യഹിയയുടെ ബന്ധുക്കളായിരുന്നു. ഇവരെ ഉടനടി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് മദ്യലഹരിയിലായിരുന്ന സി.ഐ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയത്.
പോലീസ് ഉദ്യോഗസ്ഥർ ഈ ആവശ്യം തള്ളിയതോടെ യഹിയ പോലീസ് സെല്ലിനകത്തേക്ക് അതിക്രമിച്ചു കയറുകയും തറയിൽ കിടന്ന് പരാക്രമം കാണിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു. സംഭവം വലിയ വിവാദമായതോടെയാണ് സി.ഐ യഹിയയ്ക്കെതിരെ പോലീസ് കേസെടുത്തത്. പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മദ്യപിച്ച് ബഹളമുണ്ടാക്കിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.



