‘കോടതി വിശ്വാസം കാത്തു, ഇനി ആ നാട്ടിലേക്കില്ല’… സുധാകരന്റെ മക്കൾ

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച കോടതി ഉത്തരവിൽ സന്തോഷവും ആശ്വാസവും പങ്കുവെച്ച് കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അഖിലയും അതുല്യയും. നീതിന്യായ വ്യവസ്ഥയിൽ തങ്ങൾക്ക് വലിയ വിശ്വാസമുണ്ടായിരുന്നുവെന്നും കോടതി ആ വിശ്വാസം പൂർണ്ണമായും കാത്തുസൂക്ഷിച്ചുവെന്നും അവർ മാധ്യമങ്ങളോട് കണ്ണീരോടെ പ്രതികരിച്ചു. തങ്ങൾക്ക് നീതി ഉറപ്പാക്കാൻ സഹായിച്ച അഭിഭാഷകർക്കും പോലീസിനും കോടതിയോടും പൊതുജനങ്ങളോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞു.
അച്ഛന്റെയും അച്ചമ്മയുടെയും ഓർമ്മകൾ മാത്രം നിറഞ്ഞ പഴയ വീട്ടിലേക്കും നാട്ടിലേക്കും ഇനി തിരികെ പോകുന്നില്ലെന്ന് പെൺകുട്ടികൾ വ്യക്തമാക്കി. അവിടുത്തെ പഴയ ഓർമ്മകൾ വലിയ വിഷമമുണ്ടാക്കും. തങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ കോടതി ഉത്തരവിട്ടതിൽ സന്തോഷമുണ്ടെന്നും, പ്രതി അടയ്ക്കേണ്ട 20 ലക്ഷം രൂപയുടെ പിഴത്തുക തങ്ങൾക്ക് നൽകണമെന്ന വിധി വലിയ സഹായമാകുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിയായ ചെന്താമരയ്ക്ക് ചെയ്ത ക്രൂരതയിൽ യാതൊരു ഭയമോ കുറ്റബോധമോ ഇല്ലെന്ന് പെൺകുട്ടികൾ ചൂണ്ടിക്കാട്ടി. വിധി കേൾക്കുമ്പോഴും അയാളുടെ മുഖഭാവത്തിന് ഒരു മാറ്റവുമില്ലായിരുന്നു. അയാൾ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ചു തന്നെ കഴിയണം. ചെന്താമര ഈ വിധിക്കെതിരെ അപ്പീലിന് പോവുകയാണെങ്കിൽ തങ്ങളും നിയമപരമായി അതിനെതിരെ അപ്പീൽ നൽകി പോരാടുമെന്ന് അതുല്യയും അഖിലയും ഉറപ്പിച്ചു പറഞ്ഞു.



