‘മതചടങ്ങുകളിൽ യൂണിഫോം വേണ്ട’.. ഡിജിപിയുടെ വിലക്കിന് വിലക്കിട്ട് ഹൈക്കോടതി

മതചടങ്ങുകളിൽ പൊലീസുകാർ യൂണിഫോം ഇട്ട് പങ്കെടുക്കുന്നതിനെതിരായ ഡിജിപിയുടെ സർക്കുലർ തടഞ്ഞ് ഹൈക്കോടതി. പൊലീസ് മേധാവിയുടെ സർക്കുലറിൽ പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കുലർ തടഞ്ഞത്. പൊലീസ് മേധാവിയുടെ സർക്കുലറിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. പി.എസ് മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
ക്ഷേത്രങ്ങളിലെ പരമ്പരാഗത ചടങ്ങുകളിലും മറ്റും പൊലീസ് ഉദ്യോഗസ്ഥരുടെ ആചാരപരമായ പങ്കാളിത്തം നേരത്തെയുള്ളതാണ്. ഇത് തിരുവിതാകൂർ കൊച്ചി രാജ്യങ്ങളുടെ ഭരണപരമ്പരയുമായി ബന്ധപ്പെട്ടിട്ട ചരിത്രപരമായ ആചാരമാണെന്നും ഹർജിയിൽ ചുണ്ടിക്കാട്ടി. പല ക്ഷേത്ര ചടങ്ങുകളിലും പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് പരമ്പരാഗതമായി നിലനിൽക്കുന്ന കീഴ്വഴക്കം ആണെന്നും ഇതിൽ ചിലത് ക്ഷേത്ര ആചാരങ്ങളുടെ ഭാഗമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
തുടർന്നാണ് ഈ വിഷയത്തിൽ വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികളുടെ വാദം വിശദമായി കേൾക്കാനും ഹൈക്കോടതി തീരുമാനിച്ചു. ക്ഷേത്രങ്ങളിൽ അടക്കം ക്രമസമാധാന പരിപാലനത്തിന് അല്ലാതെ യൂണിഫോം ഉപയോഗിക്കരുതെന്നായിരുന്നു നിർദ്ദേശം. ഇത് പല ക്ഷേത്രങ്ങളിലെയും ചടങ്ങുകൾക്ക് തടസമാകുമെന്ന് കണ്ടാണ് നടപടി. കേസ് അടുത്ത മാസം 17 നു ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഈ മാസം ഒന്നാം തീയതിയാണ് ഡിജിപി രാവാഡ ചന്ദ്രശേഖർ സർക്കുലർ പുറത്തിറക്കിയത്.




