അടൂരിലെ ഷെഹ്നയുടെ മരണം: ആൺസുഹൃത്ത് അരുൺ….

പത്തനംതിട്ട: അടൂരിലെ ഷെഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് അറസ്റ്റിൽ. ഏഴംകുളം സ്വദേശിയായ അരുണിനെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷെഹ്ന മരണപ്പെടുന്നതിന് തൊട്ടുമുൻപ് അരുൺ ഇവരെ ക്രൂരമായി മർദ്ദിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ ആക്രമണമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്ക് കഴിയുകയായിരുന്ന ഷെഹ്നയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന കാമുകൻ അരുണിനെ അന്നുതന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹ്ന (31) യെ വീടിന്റെ സ്റ്റെയറിൻ്റെ പിടിയിൽ ഒരു ഷാളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷെഹ്ന.
രണ്ടാം ക്ലാസിൽ പഠിക്കുന്ന ഷെഹ്നയുടെ മകൻ ട്യൂഷന് പോയ സമയത്തായിരുന്നു സംഭവം നടന്നത്. യുവതിയുടെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതൊരു കൊലപാതകമാണെന്ന് ഷെഹ്നയുടെ കുടുംബം ആരോപിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. തുടർന്നാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിൽ അരുണിന്റെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.



