കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നത്…..

കണ്ണൂർ: കുടിയാൻമലയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സഹോദരി ഭർത്താവ് കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി. ഒഡിഷ സ്വദേശിയായ ഫിലിപ്പ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സഹോദരി ഭർത്താവും ഒഡിഷ സ്വദേശിയുമായ രമേശനെ കുടിയാൻമല പോലീസ് അറസ്റ്റ് ചെയ്തു. കുടിയാൻമല പൂപ്പറമ്പിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഫിലിപ്പും പ്രതിയായ രമേശനും ഒരു വീട്ടിലായിരുന്നു ഒന്നിച്ച് താമസിച്ചിരുന്നത്.

ഇരുവരും മദ്യപിച്ച ശേഷം സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രിയും മദ്യപാനത്തിന് ശേഷം ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായി. ഇതിനിടയിൽ ഫിലിപ്പ്, രമേശന്റെ വീട്ടുകാരെ മോശമായ ഭാഷയിൽ ചീത്ത വിളിക്കാൻ തുടങ്ങി. ഇതിൽ കടുത്ത പ്രകോപിതനായ രമേശൻ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ഫിലിപ്പിനെ കൊലപ്പെടുത്താനായി അടുക്കുകയായിരുന്നു. പേടിച്ചോടിയ ഫിലിപ്പ് പ്രാണരക്ഷാർത്ഥം കുളിമുറിയിൽ കയറി ഒളിച്ചെങ്കിലും പുറകെത്തിയ രമേശൻ കുളിമുറിയുടെ വാതിൽ തള്ളിത്തുറന്ന് ഫിലിപ്പിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഫിലിപ്പ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. കൊലപാതകത്തിന് ശേഷം ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രമേശനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അതിവേഗം പിടികൂടുകയായിരുന്നു. പ്രതിയായ രമേശൻ അഞ്ച് വർഷം മുൻപാണ് ഒഡിഷയിൽ നിന്നും ജോലി ആവശ്യത്തിനായി കേരളത്തിൽ എത്തിയത്. കൊല്ലപ്പെട്ട ഫിലിപ്പ് ഒരു വർഷം മുൻപാണ് കേരളത്തിലേക്ക് വരുന്നത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button