ഞാൻ കോൺഗ്രസിന്റെയോ യുഡിഎഫിന്റെയോ മാത്രമല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്…

തിരുവനന്തപുരം: തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ മുൻ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസിനും പി. രാജീവിനും മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഘപരിവാർ നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട പി.എ. മുഹമ്മദ് റിയാസിന്റെ വിമർശനങ്ങൾക്കും, തന്റെ ശരീരഭാഷയെക്കുറിച്ചുള്ള പി. രാജീവിന്റെ പ്രതികരണത്തിനുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ശക്തമായ ഭാഷയിൽ മറുപടി നൽകിയത്.
താൻ ഹിന്ദു ഐക്യവേദി നേതാക്കളെ ഓഫീസിൽ വെച്ച് കണ്ടത് രഹസ്യമായിട്ടല്ലെന്ന് റിയാസിനുള്ള മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി മസ്കറ്റ് ഹോട്ടലിൽ വെച്ച് ആർഎസ്എസ് നേതാക്കളെ ഒളിച്ചുകണ്ടതുപോലെയല്ല ഇതെന്നും അദ്ദേഹം പരിഹസിച്ചു. നൂറുകണക്കിന് ആളുകളാണ് തന്നെ കാണാൻ ഓഫീസിൽ വരുന്നത്. അവർക്കിടയിൽ വെച്ചാണ് ആർഎസ്എസ് നേതാക്കളെയും കണ്ടതും അവരുടെ നിവേദനം സ്വീകരിച്ചതും. എല്ലാ സമുദായ സംഘടനകളുടെയും പ്രതിനിധികൾ ആവശ്യങ്ങളുമായി തന്നെ കാണാൻ വരാറുണ്ട്. തുഷാർ വെള്ളാപ്പള്ളിയെ കണ്ടതിനെച്ചൊല്ലിയും തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നു. എന്നാൽ താൻ കോൺഗ്രസിന്റെയോ യുഡിഎഫിന്റെയോ മാത്രം മുഖ്യമന്ത്രിയല്ല, മറിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. എല്ലാവരുടെയും ആവശ്യങ്ങൾ കേൾക്കും. ജനങ്ങൾ കാണാൻ വരുമ്പോൾ സമയം അനുവദിക്കാതെ ഇറക്കിവിടുമ്പോഴല്ലേ വിമർശിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
തന്റെ ശരീരഭാഷയെ പരിഹസിച്ച പി. രാജീവിനും മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകി. തന്റെ ശരീരഭാഷ പി. രാജീവിന് ഇഷ്ടപ്പെട്ടുകാണില്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. പി. രാജീവ് വലിയ ബുദ്ധിജീവിയും ചിന്തകനും എഴുത്തുകാരനുമൊക്കെയാണ്. എന്നാൽ താൻ ഒരു സാധാരണക്കാരനാണ്. തമാശ പറഞ്ഞാൽ ചിരിക്കുകയും ദേഷ്യം വന്നാൽ പൊട്ടിത്തെറിക്കുകയും സങ്കടം വന്നാൽ കരയുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ് താൻ. പി. രാജീവിനെപ്പോലൊരു ബുദ്ധിജീവിക്ക് തന്റെ ശരീരഭാഷ ഇഷ്ടപ്പെടണമെന്നില്ലെന്നും, അദ്ദേഹത്തിന്റെ ശൈലിയല്ല തന്റെ ശൈലിയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.



