ഉസ്ബെക്കിസ്ഥാനിലെ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ നിർണായക നീക്കം….

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർത്ഥിനി സാവരിയ ബസന്ത് (21) കൊലപാതകത്തിൽ നിർണായക നീക്കം. കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാൻ ശുപാർശ. ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഹരിപ്പാട് എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടാണ് ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ സഹിതം ഡിജിപിക്ക് കൈമാറിയത്. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട കേസുകൾ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ഡിജിപിയുടെ മുൻ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ ഹരിപ്പാട് പോലീസ് കഴിഞ്ഞ ദിവസം സാവരിയയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൊല്ലപ്പെടുമ്പോൾ സാവരിയ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ചെരിപ്പ്, സാവരിയയുടെ ലാപ്ടോപ്പ്, മൃതദേഹത്തിന്റെ ചിത്രങ്ങൾ എന്നിവ പോലീസ് ഹരിപ്പാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഉസ്ബെക്കിസ്ഥാൻ പോലീസ് അധികൃതരിൽ നിന്ന് സാവരിയയുടെ ബന്ധുക്കൾ മൃതദേഹത്തിനൊപ്പം ഏറ്റുവാങ്ങിയ ഈ വസ്തുക്കൾ കഴിഞ്ഞ ദിവസം ഹരിപ്പാട് പോലീസിന് കൈമാറിയിരുന്നു. കൈമാറിയ ലാപ്ടോപ്പിന്റെ ഒരു ഭാഗം പൊട്ടിയ നിലയിലാണ്. ഈ ലാപ്ടോപ്പ് ഉപയോഗിച്ചാണോ പ്രതി സാവരിയയെ മർദ്ദിച്ചതെന്ന് കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധന ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി.
കേസിലെ പ്രതിയായ മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുൽ അനം (22), സാവരിയയെ മുൻപും ഉപദ്രവിച്ചിരുന്നതായി സംശയമുണ്ടെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സാവരിയയുടെ മൃതദേഹത്തിൽ നിറയെ മുറിവുകളും ചതവുകളുമുണ്ടായിരുന്നു. ഇവ നേരത്തെ ഉണ്ടായതാകാനാണ് സാധ്യതയെന്നും ബന്ധുക്കൾ സംശയിക്കുന്നു. കൂടാതെ, സദറുൽ അനമിന്റെ മാതാപിതാക്കൾ സാവരിയയെ നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും ഇവരെക്കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ബന്ധുക്കൾ പോലീസിനോട് ആവശ്യപ്പെട്ടു.
ഈ മാസം മൂന്നിനാണ് സാവരിയ കൊല്ലപ്പെട്ടത്. രണ്ടിനാണ് സാവരിയയെ ബന്ധുക്കൾ അവസാനമായി ഫോണിൽ ബന്ധപ്പെട്ടത്. അതിനുശേഷം വാട്സാപ്പിൽ അയച്ച സന്ദേശങ്ങൾ വായിച്ചതായി കാണിക്കുന്നുണ്ടെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഈ സമയത്ത് മൊബൈൽ ഫോൺ പ്രതിയായ സദറുൽ അനമിന്റെ കൈവശമായിരുന്നോ എന്ന് സംശയമുണ്ടെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. സാവരിയ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിലവിൽ ഉസ്ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്.



