ഓൺലൈൻ ടാക്സികൾ അനിശ്ചിതകാല സമരത്തിലേക്ക്….

തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി ഓൺലൈൻ ടാക്സി തൊഴിലാളികൾ. ജൂലൈ 21 മുതൽ സർവീസ് പൂർണ്ണമായി നിർത്തിവെച്ച് സമരം നടത്താനാണ് ടാക്സി കൂട്ടായ്മകളുടെ തീരുമാനം. പ്രമുഖ ഓൺലൈൻ ടാക്സി കമ്പനികളായ ഊബർ, ഓല, റാപ്പിഡോ എന്നിവയ്ക്കെതിരെയാണ് പ്രധാനമായും പ്രതിഷേധം. ഇതിന് പുറമെ സർക്കാർ സംരംഭമായ ‘കേരള സവാരി’ക്കെതിരെയും ഡ്രൈവർമാർ രംഗത്തുണ്ട്. ഓൺലൈൻ ടാക്സി കമ്പനികൾ ഈടാക്കുന്ന അമിത കമ്മീഷൻ നിരക്ക് കുറയ്ക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.

1000 രൂപയ്ക്ക് സർവീസ് നടത്തിയാൽ അതിന്റെ പകുതിയോളം തുക കമ്മീഷൻ ഇനത്തിൽ കമ്പനികൾ പിടിച്ചെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. ദിവസേനയെന്നോണം വർദ്ധിക്കുന്ന ഇന്ധന വില കാരണം നിലവിൽ കനത്ത നഷ്ടത്തിലാണ് സർവീസുകൾ മുന്നോട്ട് പോകുന്നത്. ഇതിന് പുറമെ കമ്പനികൾ ഈടാക്കുന്ന ഇരട്ടി കമ്മീഷൻ കൂടിയാകുമ്പോൾ ജീവിക്കാൻ പോലും വഴിയില്ലാത്ത സ്ഥിതിയാണ്. ഓടിക്കിട്ടുന്ന തുക വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്ക് പോലും തികയുന്നില്ലെന്നും ഡ്രൈവർമാർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യങ്ങൾ അംഗീകരിക്കും വരെ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ ഓൺലൈൻ ടാക്സി തൊഴിലാളികൾ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button