സംസ്ഥാനത്ത് ആദ്യമായി മണ്ണിടിച്ചിൽ മുൻകൂട്ടി കണ്ടെത്താൻ ശാസ്ത്രീയ സംവിധാനം

ചരിത്രത്തിലാദ്യമായി മണ്ണിടിച്ചിൽ സാധ്യതകൾ മുൻകൂട്ടി കണ്ടെത്തി ശാസ്ത്രീയമായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള അത്യാധുനിക സംവിധാനം സംസ്ഥാനത്ത് വരുന്നു. കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കണിച്ചാർ ഗ്രാമപഞ്ചായത്തിലെ മാടശ്ശേരി മലയിലാണ് ഈ പുതിയ സാങ്കേതിക സംവിധാനം ഒരുങ്ങുന്നത്. മണ്ണിന്റെ ആന്തരിക ഘടന, പെയ്യുന്ന മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ മറ്റ് തനത് പ്രത്യേകതകൾ എന്നിവ തത്സമയം ശേഖരിച്ചു വിശകലനം ചെയ്ത് മണ്ണിടിച്ചിൽ സാധ്യതയുണ്ടോ എന്ന് പ്രവചിക്കുന്നതാണ് ഈ സംവിധാനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി , ഐഐടി റൂർക്കി, കെ-ഡിസ്ക് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് രണ്ട് കോടി രൂപയോളം ചെലവിട്ട് ഈ വിപ്ലവകരമായ പദ്ധതി നടപ്പിലാക്കുന്നത്.



