ഷാജി മാവേലിക്കരയുടെ പോസ്റ്റ് വൈറൽ, ഒടുവിൽ ട്വിസ്റ്റ്

ടെലിവിഷനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയ കലാകാരനും അഭിനേതാവുമാണ് ഷാജി മാവേലിക്കര. ഇപ്പോഴിതാ ഷാജി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റും അതിനെത്തുടർന്നുണ്ടായ ചർച്ചയും ശ്രദ്ധ നേടുകയാണ്. സൈക്കിളിൽ മത്സ്യം വിൽക്കാൻ പോകുന്ന ഒരു മീൻ വിൽപ്പനക്കാരൻറെ ലുക്കിലുള്ള തൻറെ ചിത്രം ഷാജി സോഷ്യൽ മീഡിയയിലൂടെ ഇന്നലെ പങ്കുവച്ചിരുന്നു. ഒപ്പം ഒരു ചെറിയ കുറിപ്പുമുണ്ടായിരുന്നു. കലാരംഗം വിട്ട് മത്സ്യ വിൽപ്പനയിലേക്ക് ഷാജി ഇറങ്ങുന്നുവെന്ന് ഭൂരിഭാഗം പേരെയും തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ആ കുറിപ്പ്.

അതിങ്ങനെ- ‘കോമഡിയും മിമിക്രിയും ഒന്നും കൊണ്ടുനടന്നിട്ട് ഒരു കാര്യോമില്ല. ഒരു മനുഷ്യനും മൈൻഡ് ചെയ്യത്തില്ല. തൊഴിൽപരമായി ചിന്തിച്ചു പ്രവർത്തിച്ചാലേ ജീവിക്കാൻ പറ്റൂ എന്നു വൈകിയാണെങ്കിലും മനഃസ്സിലായി. ദൈവമേ ഇതെങ്കിലും ക്ലച്ചുപിടിക്കണേ. ലൈക്കടിച്ചു നിങ്ങളും സഹായിക്കണേ. അപേക്ഷയാണ്’, ചിത്രത്തിനൊപ്പം ഷാജി കുറിച്ചിരുന്നു. പോസ്റ്റ് വേഗത്തിൽ വൈറലായി. ഒരു പ്രശസ്ത കലാകാരൻ ആ മാർഗം കൊണ്ട് ജീവിക്കാനാവാതെ മറ്റൊരു തൊഴിൽ തിരഞ്ഞെടുത്തിരിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും ധരിച്ചത്. ഇതിനകം 36,000 ൽ അധികം ലൈക്കുകളും 1100 കമൻറുകളും 275 ഷെയറുകളുമാണ് ഫേസ്ബുക്കിൽ ഈ പോസ്റ്റ് നേടിയത്. ഇത്തരത്തിൽ വിശ്വസിച്ചവരാരും ഷാജിയുടെ പ്രൊഫൈലിൽ കയറി നോക്കിയിട്ടുണ്ടാവില്ല. നോക്കിയിരുന്നെങ്കിൽ അതൊരു തെറ്റിദ്ധാരണ ആണെന്ന് മനസിലായേനെ.

താൻ നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയിലെ കഥാപാത്രമായുള്ള ചിത്രമാണ് ഷാജി പോസ്റ്റ് ചെയ്തത്. ഇതേ ഗെറ്റപ്പിൽ ക്യാമറയ്ക്ക് മുൻപിൽ നിൽക്കുന്ന മറ്റൊരു ചിത്രമാണ് ഷാജി ഈ പോസ്റ്റിന് തൊട്ടുമുൻപ് പോസ്റ്റ് ചെയ്തത്. ഏതായാലും വൈറൽ പോസ്റ്റിൻറെ കമൻറ് ബോക്സിൽ വിമർശനങ്ങളാണ് കൂടുതൽ. ‘മിമിക്രിയിലും മറ്റ് കലകളെ പോലെ കഴിവ് മാത്രം പോരാ. സാധനയും ഇച്ചിരെ പരിശ്രമവും അർപ്പണമനോഭാവവും കൂടെ വേണം. കാമറയുടെ മുൻപിൽ നിൽക്കുവാൻ നാണമുള്ളത് കൊണ്ട് മാത്രം എത്രയാൾക്കാര് ആഗ്രഹവും സ്വപ്നവും മാറ്റി വെക്കുന്നു? അപ്പോഴാണ്, കാമറയുടെ മുൻപിൽ വന്ന് നാലാളറിയെ കഴിവ് തെളിയിച്ച കലാകാരൻ മറ്റ് തൊഴിലിന് ഇറങ്ങുന്നത്’, എന്നാണ് ഒരു കമൻറ്. ഒടുവിൽ ഷാജി തന്നെ സത്യാവസ്ഥ അറിയിച്ച് കമൻറ് ബോക്സിൽ മറുപടി നൽകുന്നുമുണ്ട്. ഇത് സിനിമാ ഷൂട്ട് ആണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നാട്ടുകൂട്ടം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് ഷാജി മാവേലിക്കര പങ്കുവച്ച ചിത്രം.

Related Articles

Back to top button