അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: പ്രതി ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ….

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ ഒന്നാം പ്രതിയായ ഡോ. എം കെ റാമിന് സുപ്രീംകോടതിയിലും തിരിച്ചടി. പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ക്ലാസ് മുറിയില്‍ വെച്ച് മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടാണ് നിതിന്‍ രാജ് അധിക്ഷേപിക്കപ്പെട്ടതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ കൃത്യമായ മൊഴിയുണ്ടെന്നും, അധ്യാപകനെതിരെ അന്ന് തന്നെ നടപടിയെടുത്തിരുന്നുവെങ്കില്‍ ഇന്ന് സാഹചര്യങ്ങൾ മറ്റൊന്നാകുമായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കോളേജിലെ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. സംഭവത്തിൽ രണ്ടാം പ്രതിയായ കോളേജിലെ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. നിതിൻ രാജ് മരിച്ച് മൂന്നുമാസം പിന്നിട്ടിട്ടും കേസിലെ ഏകപ്രതിയായ (നിലവിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതി) ഡോ. എം കെ റാമിനെ ഇതുവരെ പിടികൂടാൻ പോലീസിനായിട്ടില്ല. നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. പലതവണ പ്രതിയെ തേടി അന്വേഷണസംഘം ആന്ധ്രാ പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാളുമായി ഫോണിൽ ബന്ധപ്പെട്ട ചിലരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തെങ്കിലും പ്രതി എവിടെയുണ്ടെന്നത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷ കൂടി തള്ളിയതോടെ പ്രതിക്കായുള്ള തിരച്ചിൽ ക്രൈംബ്രാഞ്ച് ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button