ഓഗസ്റ്റ് 15 മുതൽ കേരള പോലീസിന്റെ മുഖം മാറും… സ്റ്റേഷനുകളുടെ ചുമതല….

തിരുവനന്തപുരം: വരാനിരിക്കുന്ന ഓഗസ്റ്റ് 15 മുതൽ കേരള പോലീസിന്റെ പ്രവർത്തനങ്ങളിലും സ്റ്റേഷൻ സംവിധാനങ്ങളിലും വലിയ മാറ്റങ്ങൾ വരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് സ്‌റ്റേഷനുകളുടെ ഔദ്യോഗിക ചുമതല ഇനി മുതൽ എസ്‌ഐമാർ ഏറ്റെടുക്കും. എന്നാൽ, സംസ്ഥാനത്തെ 64 സ്‌റ്റേഷനുകളിൽ സിഐമാർ തന്നെ ചുമതലകളിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം പ്രസ്‌ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
പൊതുജനങ്ങൾക്ക് പോലീസിനേക്കുറിച്ചുള്ള പരാതികൾ കൃത്യമായി പരിഹരിക്കാൻ പുതിയ സംവിധാനം നിലവിൽ വരും. പരാതികൾ പരിഹരിച്ചതിന്റെ കൃത്യമായ ഓഡിറ്റിംഗ് നടത്തുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ, പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നിർണ്ണായക നിർദ്ദേശങ്ങൾ നൽകിയതായി അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയും അറിയിച്ചു. ഓഗസ്റ്റ് 15-നകം എല്ലാ സ്റ്റേഷൻ പരിസരങ്ങളിലും കാടുപിടിച്ചും തുരുമ്പിച്ചും കിടക്കുന്ന തൊണ്ടി വാഹനങ്ങളും മറ്റ് സാമഗ്രികളും അടിയന്തരമായി നീക്കം ചെയ്ത് വൃത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ഒരേ രീതിയിൽ പെയിന്റ് ചെയ്ത് നവീകരിക്കും.
ദൂരത്തുനിന്ന് കാണുമ്പോൾ തന്നെ പൊതുജനങ്ങൾക്ക് ഇതൊരു പോലീസ് സ്റ്റേഷനാണെന്ന് പെട്ടെന്ന് തിരിച്ചറിയാനും, അവിടേക്ക് വരുമ്പോൾ സൗഹൃദപരമായ ഒരു സ്വാഗതം അനുഭവപ്പെടാനും ഇത് സഹായിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. പല നല്ല മാറ്റങ്ങൾക്കും വരാനിരിക്കുന്ന സ്വാതന്ത്ര്യദിനം തുടക്കം കുറിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ കോമ്പിങ്ങിന്റെ വിശദാംശങ്ങളും ആഭ്യന്തര മന്ത്രി പങ്കുവെച്ചു. പദ്ധതിയുടെ ഭാഗമായി ഈ മാസം എട്ടാം തീയതി വരെയുള്ള കണക്കുകൾ പ്രകാരം 6632 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കാലയളവിൽ 6182 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഏകദേശം 35 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടുകയും ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.



