കാസർകോട് ബദിയടുക്കയിൽ കസ്റ്റഡി മർദ്ദനമെന്ന് പരാതി… ഉടുതുണി മാറ്റിയും യുവാവിനെ….

കാസര്‍കോട് ബദിയടുക്കയില്‍ യുവാവിന് നേരെ കസ്റ്റഡി മര്‍ദ്ദനമുണ്ടായതായി പരാതി. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മര്‍ദ്ദനമേറ്റ അജിത്തിന്റെ കുടുംബമാണ് രംഗത്തെത്തിയിരിക്കുന്നത്. യാതൊരു തെറ്റും ചെയ്യാത്ത അജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ രാത്രി വീട്ടിലെത്തി ബലം പ്രയോഗിച്ചാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കള്‍ പറയുന്നു. ഔദ്യോഗിക വാഹനമില്ലാതെ മഫ്തിയിലെത്തിയ പൊലീസുകാർ, ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് അജിത്തിനെ മര്‍ദ്ദിച്ചതെന്നും ആക്ഷേപമുണ്ട്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് കേസിനെ കുറിച്ച് ഒരു വിവരവും ബന്ധുക്കളോട് പറയാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് സ്റ്റേഷനില്‍ വെച്ചും അജിത്തിനെ ഉടുതുണി ഉരിച്ചടക്കം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തൽ. സംഭവത്തെ തുടർന്ന് നാട്ടില്‍ വലിയ നാണക്കേടാണ് അജിത്തിനുണ്ടായതെന്നും, നിയമ നടപടിയുമായി ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും കുടുംബം വ്യക്തമാക്കി.

പ്രദേശത്തുണ്ടായ അടക്ക മോഷണം ആരോപിച്ചാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ അജിത്തിന്റെ രൂപസാദൃശ്യമുള്ള ആളെ കണ്ടു എന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. എന്നാൽ, പൊലീസിന്റെ തുടരന്വേഷണത്തില്‍ അജിത്തല്ല കേസിലെ യഥാര്‍ത്ഥ പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. ഈ കേസില്‍ യഥാര്‍ത്ഥ പ്രതികളായ മറ്റ് മൂന്ന് പേരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, കുടുംബം ഉന്നയിച്ച കസ്റ്റഡി മർദ്ദന ആരോപണങ്ങൾ ബദിയടുക്ക പൊലീസ് പൂർണ്ണമായും നിഷേധിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംശയത്തെ തുടര്‍ന്ന് യുവാവിനെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും, സ്റ്റേഷനിൽ വെച്ച് യാതൊരുവിധ മര്‍ദ്ദനവും നടത്തിയിട്ടില്ലെന്നുമാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.

Related Articles

Back to top button