കള്ളാടി തുരങ്കപാത ദുരന്തം: അന്വേഷിക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചു… ധനസഹായം പ്രഖ്യാപിച്ചു…..

കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെ ഉണ്ടായ വലിയ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. റവന്യൂ ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻറ് ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറി കൺവീനറായ അഞ്ചംഗ സമിതിയെയാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചിരിക്കുന്നത്.

പ്രമുഖ ജിയോളജിസ്റ്റായ ഡോ. സി പി രാജേന്ദ്രൻ, എക്കോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, മറ്റൊരു എക്കോളജിസ്റ്റ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി പുകഴേന്തി ഐഎഫ്എസ്, പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് ഈ സമിതിയിലെ മറ്റ് അംഗങ്ങൾ. അപകടം ഉണ്ടായതിന്റെ യഥാർത്ഥ കാരണത്തിന് പുറമെ, നിർമ്മാണം നടത്തിയ കരാർ കമ്പനി കരാർ നിബന്ധനകൾ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യവും സമിതി പരിശോധിക്കും. കൂടാതെ നിർമ്മാണത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതി സംബന്ധിച്ചും വിശദമായ പരിശോധന നടക്കും.

ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വിദഗ്ധ സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ വിദഗ്ധസംഘം സമർപ്പിക്കുന്ന കണ്ടെത്തലുകൾ കള്ളാടി തുരങ്കപാതയുടെ ഭാവി നിർമ്മാണ പ്രവർത്തനങ്ങളിൽ ഏറെ നിർണായകമായി മാറും. തുരങ്കപാതയിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള അടിയന്തര ധനസഹായം സംബന്ധിച്ച ഉത്തരവും ഇതോടൊപ്പം പുറത്തിറങ്ങിയിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ടുലക്ഷം രൂപ വീതവുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Back to top button