‘പ്രിയദർശിനി’ തളർത്തിയോ?… കെഎസ്ആർടിസിയിൽ 3000-ത്തോളം ജീവനക്കാർക്ക്….

കണ്ണൂർ: കെഎസ്ആർടിസിയിലെ മൂവായിരത്തോളം വരുന്ന ബദൽ ജീവനക്കാരുടെ (എംപാനൽ/താൽക്കാലിക ജീവനക്കാർ) ഒരു മാസത്തെ ശമ്പളം മുടങ്ങി. ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കമുള്ള ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളമാണ് ഇതുവരെ വിതരണം ചെയ്യാത്തത്. മുൻപ് രണ്ട് ഘട്ടങ്ങളായാണ് ഇവർക്ക് ശമ്പളം നൽകിയിരുന്നത്. മാസത്തിൽ 15-ാം തീയതിക്കുള്ളിൽ ആദ്യ ഗഡുവും അതിനുശേഷം അടുത്ത ഗഡുവും ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ശമ്പളം പൂർണ്ണമായി മുടങ്ങിയതോടെ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലാണ്.

സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി പദ്ധതി’ സൃഷ്ടിച്ച സാമ്പത്തിക ബാധ്യത മൂലമാണോ തങ്ങളുടെ ശമ്പളം പിടിച്ചുവെച്ചിരിക്കുന്നത് എന്ന ആശങ്കയിലാണ് തൊഴിലാളികൾ. സർക്കാരിൽ നിന്ന് പണം ലഭിക്കാത്തതാണോ ശമ്പളം മുടങ്ങാൻ കാരണമെന്നും ഇവർ ചോദിക്കുന്നു. ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അധികൃതർ ജീവനക്കാർക്ക് കൃത്യമായ മറുപടിയൊന്നും ആദ്യം നൽകിയിരുന്നില്ല. പ്രിയദർശിനി പദ്ധതി കെഎസ്ആർടിസിക്ക് വലിയ രീതിയിൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് നേരത്തേ തന്നെ വിമർശനം ഉയർന്നിരുന്നു. ഈ പദ്ധതി മൂലം കെഎസ്ആർടിസിക്ക് ദിവസം രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജീവനക്കാരുടെ ശമ്പളവും മുടങ്ങിയിരിക്കുന്നത്.

അതേസമയം, ജീവനക്കാർക്ക് ശമ്പളം ഉടൻ ലഭ്യമാക്കുമെന്നാണ് കെഎസ്ആർടിസി അധികൃതർ നൽകുന്ന ഔദ്യോഗിക വിശദീകരണം. സ്ഥാപനത്തിൽ നിലവിൽ സാമ്പത്തിക പ്രതിസന്ധികളൊന്നുമില്ലെന്നും, ശമ്പളം വൈകിയതിന് പിന്നിൽ സാങ്കേതിക പ്രശ്നം മാത്രമാണുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related Articles

Back to top button