ഇറാൻ പരമോന്നത നേതാവ് അലി ഖമനയിക്ക് വിട… മഷ്ഹദിലെ ഇമാം റിസ പള്ളിയിൽ അന്ത്യവിശ്രമം

ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് കണ്ണീരോടെ വിടചൊല്ലി രാജ്യം. ദശലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി, പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഖമനയിയുടെ ജന്മനാടായ മശ്ഹദിലാണ് രാജ്യത്തെയും അനുയായികളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയ അവസാനഘട്ട സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്.

2026 ഫെബ്രുവരി 28-നുണ്ടായ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെടുന്നത്. ഇറാനിയൻ സൈനിക വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെയാണ് ഖമനയിയുടെയും ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റ് നാല് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ മശ്ഹദിൽ എത്തിച്ചത്. നജഫ്, കർബല എന്നിവിടങ്ങളിൽ നടന്ന വികാരനിർഭരമായ അനുശോചന ചടങ്ങുകൾക്ക് ശേഷമാണ് ഭൗതികദേഹം മശ്ഹദിലേക്ക് കൊണ്ടുവന്നത്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ദശലക്ഷക്കണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയത്. കടുത്ത ജനത്തിരക്ക് കാരണം സംസ്‌കാരച്ചടങ്ങുകൾ നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ വൈകിയാണ് നടന്നത്.

സംസ്‌കാര ചടങ്ങുകളിൽ ഖമനയിയുടെ നാല് മക്കൾ പങ്കെടുത്തു. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി പ്രമുഖ നേതാവ് കൂടിയായ മുജ്തബ ഖമനയി ചടങ്ങുകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നത് ശ്രദ്ധേയമായി. സംസ്‌കാര ചടങ്ങുകൾക്കിടെ ഇറാന്റെ തെരുവുകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവർക്കെതിരെ കനത്ത പ്രതിഷേധം അണപ്പൊട്ടിയൊഴുകി. ജനങ്ങൾ ഇവർക്കെതിരെ മുദ്രാവാക്യങ്ങളുമായി തെരുവ് കീഴടക്കി.

Related Articles

Back to top button